Monday, February 10, 2020

നാട്ടുവേഴാമ്പല്‍ (Indian Grey Hornbill)

നാട്ടുവേഴാമ്പലിന് ചാരനിറമാണ്. വാലിന്റെ അറ്റത്ത് വെള്ളയും കറുപ്പും കാണാം. കണ്ണിന് മുകളില്‍ വെളള അടയാളമുണ്ട്. കൊക്കിന് മഞ്ഞ കലര്‍ന്ന കറുപ്പുനിറം. കേരളത്തില്‍ തൃശ്ശൂരിന് വടക്കോട്ടാണ് കാസര്‍കോട് വരെയുള്ള പ്രദേശങ്ങളില്‍ ഇവയെ സാധാരണ കണ്ടുവരുന്നു. നാട്ടിന്‍പുറങ്ങളിലും മരങ്ങളുള്ള പട്ടണപ്രദേശങ്ങളിലും സാധാരണ കണ്ടുവരുന്ന പക്ഷിയായതുകൊണ്ടു തന്നെ ഇവയ്ക്ക് നാട്ടുവേഴാമ്പല്‍ എന്ന പേര് ഉചിതമായി തോന്നുന്നു. കൂട്ടമായി ഇരതേടുന്ന ഇവ 'കിയ്യോംാം' എന്ന നീട്ടിയുള്ള വിളി പിരിഞ്ഞു പോകാതിരിക്കാനാണെന്ന് തോന്നുന്നു.
പഴങ്ങളാണ് നാട്ടുവേഴാമ്പലിന്റെ പ്രധാനഭക്ഷണം. ആല്‍, പേരാല്‍, കോവല്‍, വേപ്പ്, ഞാവല്‍ മുതലായവയുടെ പഴങ്ങള്‍ ഭക്ഷിക്കാന്‍ കോഴിവേഴാമ്പലുകളെപ്പോലെ കൂട്ടമായി എത്താറുണ്ട്. മരക്കൊമ്പുകളില്‍ മുറുകെ പിടിച്ച് ബാലന്‍സ് ചെയ്ത് ചുറ്റുമുള്ള പഴങ്ങള്‍ കൊത്തിത്തിന്നുന്നതില്‍ ഒരു പ്രത്യേക വൈദഗ്ധ്യം തന്നെ ഇവയ്ക്കുണ്ട്. മാത്രമല്ല, പഴങ്ങള്‍ അല്‍പം ദൂരെയാണെങ്കില്‍പോലും നീണ്ട കൊക്കും കഴുത്തും കൊത്തിയെടുക്കുന്നതിന് ഇവയ്ക്ക് സഹായകമാവുന്നു.
 പഴങ്ങള്‍ മാത്രമല്ല, ഇയ്യാംപ്പാറ്റ, പല്ലി തുടങ്ങിയ ചെറുപ്രാണികളേയും ആഹരിക്കാറുണ്ട്. മറ്റിനം വേഴാമ്പലുകളെപോലെ പഴം വായുവിലെറിഞ്ഞ് കൊക്കുകൊണ്ട് പിടിക്കുന്ന സ്വഭാവം ഇവയ്ക്കുമുണ്ട്. ഇലവ്, കാട്ടിലവ്, മുരിക്ക്, പ്ലാശ് മുതലായവ പൂക്കുമ്പോള്‍ തേന്‍ കുടിക്കാനെത്താറുള്ളത് പല തവണ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വേനല്‍ക്കാലമാണ് ഇവയുടെ പ്രജനനകാലം.

No comments:

Post a Comment

5th Issue

Students India

Students India

6th Issue