Monday, February 10, 2020

ചട്ടുകക്കൊക്കന്‍ (Eurasian Spoonbill)

മലയാളം പേര് സൂചിപ്പിക്കുന്നതുപോലെ അറ്റത്തു വീതി കൂടിയ ചട്ടുകംപോലെയുള്ള കൊക്കുള്ളത് കൊണ്ടാണ് ഇവയെ ചട്ടുകക്കൊക്കന്‍ എന്ന് വിളിക്കുന്നത്. വര്‍ഷം തോറും കേരളം സന്ദര്‍ശിക്കാന്‍ വരുന്ന ഒരു ദേശാടനപക്ഷിയാണ് ചട്ടുകക്കൊക്കന്‍. കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ഇവ സ്ഥിരതാമസക്കാരാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇവ ഇന്ത്യയിലേക്ക് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് കാലില്‍ വളയമിട്ട ചില പക്ഷികളെ ബീഹാറിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും കണ്ടെത്തിയിരുന്നു.
ചെറിയ കൂട്ടമായിട്ടാണ് ഇവയുടെ സഞ്ചാരം. കൊറ്റികള്‍ക്കും നീര്‍ക്കാക്കകള്‍ക്കുമൊപ്പം ഇവയെ കാണാറുണ്ട്. മിക്ക സമയത്തും ഒറ്റക്കാലില്‍ നിന്ന് വിശ്രമിക്കുന്നത് കാണാം. ഇവയ്ക്ക് കൊക്ക് ചിറകിനടിയില്‍ ഒളിപ്പിച്ചുവെച്ച് ഉറങ്ങുന്ന ശീലമുണ്ട്. തണ്ണീര്‍ത്തടങ്ങളും വെള്ളം കെട്ടിനില്‍ക്കുന്ന പാടങ്ങളും ചെളിത്തിട്ടകളും ആണ് ഇവയുടെ പ്രധാന വിഹാരകേന്ദ്രങ്ങള്‍. വെള്ളനിറം, കറുത്ത കാലുകള്‍, മഞ്ഞ അറ്റമുള്ള കറുത്ത കൊക്ക് പ്രജനന കാലത്ത് നെഞ്ചില്‍ മഞ്ഞ നിറവും കാണാറുണ്ട്.
കൊക്ക് വെള്ളത്തില്‍ താഴ്ത്തി ഇരുവശങ്ങളിലേക്കും ചലിപ്പിച്ചാണ് ഇര തേടുന്നത്. ജലജീവികള്‍, കക്കകള്‍, പുഴുക്കള്‍, അട്ടകള്‍, തവളകള്‍, ചെറുമത്സ്യങ്ങള്‍ എന്നിവയെ തീറ്റയാക്കുന്നു. ആല്‍ഗകളേയും, ചിലപ്പോഴൊക്കെ ചെടികളുടെ ഭാഗങ്ങളേയും ഭക്ഷിക്കുന്നു. കമ്പുകളും ചെടികളുടെ ഭാഗങ്ങളും കൊണ്ട് നിലത്തോ ചെറുമരങ്ങളിലോ കണ്ടലുകളിലോ കുറ്റിച്ചെടികളിലോ 5 മീ. ഉയരത്തില്‍ കൂട് ഉണ്ടാക്കുന്നു. കൂട്ടമായാണ് കൂടുകെട്ടുന്നത്. കൂടുകളില്‍ പുല്ലും ഇലകളും വിരിച്ചു മെത്തയൊരുക്കും. പൂവനും പിടയും പരസ്പരം സഹകരിച്ചാണ് കൂട് നിര്‍മ്മാണം. ഒരു കൂട്ടില്‍ നാലോ അഞ്ചോ മുട്ടകളിലും. വെളുത്തനിറമുള്ള മുട്ടകളിന്മേല്‍ ധാരാളം വരയും കുറിയും പുള്ളികളും ഉണ്ടാകും. ആണും പെണ്ണും അടയിരിക്കും. മുട്ടകള്‍ വിരിയാന്‍ മൂന്നാഴ്ച വേണം. ഇവ വര്‍ഷങ്ങളോളം ഒരേ കൂട്ടില്‍ത്തന്നെ മുട്ടകള്‍ ഇടാറുണ്ട്. 
പ്രജനനകാലത്ത് തലയ്ക്ക് പിന്നില്‍ ഏതാനും തൂവലുകള്‍ കിളിര്‍ക്കും. മാറിടത്തില്‍ മഞ്ഞ നിറം കാണാം. കൂടുകള്‍ തമ്മില്‍ 1-2 മീ. അകലമേ ഉണ്ടാവാറുള്ളൂ. കൂടുകള്‍ ഇര തേടുന്ന പ്രദേശത്തുനിന്ന് 1-15 കി.മീ. അകലെവരെ ആകാറുണ്ട്.

No comments:

Post a Comment

5th Issue

Students India

Students India

6th Issue