Tuesday, July 30, 2019

മേധാപട്കര്‍

ഇന്ത്യയിലെ പ്രശസ്തയായ ഒരു സാമൂഹ്യപ്രവര്‍ത്തകയാണ് മേധാപട്കര്‍. നര്‍മദ നദീസംരക്ഷണത്തിനു വേണ്ടി രൂപീകരിച്ച നര്‍മദ ബചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനേതാവും, പുരോഗമനവാദികളുടെ ദേശീയ സംഘടനയായ നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍ മൂവ്‌മെന്റ് എന്ന സംഘടമനയുടെ ദേശീയ കണ്‍വീനറുമാണ് മേധാപട്കര്‍. ലോകത്തെ അണക്കെട്ടുകളുടെ പാരിസ്ഥിതിക, സാമൂഹ്യ,സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചു പഠിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് കമ്മീഷന്‍ ഓഫ് ഡാംസ് എന്ന സംഘടനയില്‍ അംഗമാണ് മേധാപട്കര്‍.
1954 ഡിസംബര്‍ 1 ന് മുബൈയില്‍ ജനിച്ചു. വസന്ത് കനോല്‍ക്കറും, ഇന്ദു കനോല്‍ക്കറുമായിരുന്നു മാതാപിതാക്കള്‍. സാമൂഹ്യപ്രവര്‍ത്തകയാവുന്നതിന് മുന്‍പ് മുബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ (TISS) നിന്ന് സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി.TISS ലെ ജോലിയും ഗവേഷണവും ഉപേക്ഷിച്ച് മഹാരാഷ്ട്ര, മധ്യപ്രദേശ്,ഗുജറാത്ത് സംസ്ഥാനങ്ങളിലെ കര്‍കരുടെയും ആദിവാസികളുടെയും ഉന്നമനത്തിനായുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും ഇത് നര്‍മദ ബചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു.
നര്‍മദനദിക്കും അതിന്റെ പോഷക നദികള്‍ക്കും കുറുകെ പല സ്ഥലങ്ങളിലായി  നിര്‍മിച്ചുകൊണ്ടിരിക്കുന്ന അണക്കെട്ടുകള്‍ മൂലം (സര്‍ദാര്‍ സരോവര്‍ പദ്ധതി) പദ്ധതി ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ ഇടപെട്ടുകൊണ്ടായിരുന്നു അവര്‍ ദേശീയ പ്രക്ഷോഭങ്ങളില്‍ സജീവമാകുന്നത്. പദ്ധതി മൂലം കഷ്ടത നേരിടുന്ന പത്തു ലക്ഷത്തോളം വരുന്ന അവിടുത്തെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിനും അവരുടെ പുനരധിവാസത്തിനും വേണ്ടി അവര്‍ സംഘടിപ്പിച്ച സമരങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു.അണക്കെട്ട്് നിര്‍മിച്ചപ്പോള്‍ ഉയര്‍ന്നുവന്ന ജലനിരപ്പില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മധ്യപ്രദേശിലെ ജല്‍സിന്ധി ഗ്രാമത്തിലെയും, മഹാരാഷ്ട്രയിലെ ദോംഖേദി ഗ്രാമത്തിലെയും ജനങ്ങള്‍ക്കുവേണ്ടി മേധാപട്കര്‍ മരണം വരെ സമരം ആരംഭിക്കുകയും പിന്നീട് അവരെ ഈ സമരത്തില്‍ നിന്ന് പോലീസ് ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തു.
അണക്കെട്ടുകളുടെ ഉയരം വര്‍ധിപ്പിക്കുന്നതിനെതിരെ 2006 മാര്‍ച്ച് 28 ന് അവര്‍ നിരാഹാര സമരം ആരംഭിച്ചു. സുപ്രീംകോടതി അവരുടെ അപ്പീല്‍ സ്വീകരിക്കാതിരുന്നതിനാല്‍ ഏപ്രില്‍ 17 ന് ഉപവാസം അവസാനിപ്പിച്ചു.
ടാറ്റാ മോട്ടോര്‍ കമ്പനിക്കായി കൃഷിസ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ പശ്ചിമ ബംഗാളിലെ സിംഗൂറില്‍ നടന്ന കര്‍ഷക പ്രക്ഷേഭത്തില്‍ പങ്കെടുക്കുവാനെത്തിയ മേധാ പട്കറെ 2006 ഡിസംബര്‍ 2 ന് പോലീസ് അറസ്റ്റ് ചെയ്തു.
ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നാഗ്പൂരില്‍ ആരംഭിക്കുന്ന ലാവാസ പ്രോജക്ടിനെതിരെ അവര്‍ നടത്തിയ സമരവും ശ്രദ്ധേയമായിരുന്നു. അഴിമതി പൂര്‍ണമായും ഇല്ലാതാക്കാന്‍ അണ്ണാഹസാരെ നടത്തിയ പോരാട്ടത്തിലും അവര്‍ പങ്കെടുത്തു.
ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തു തുടങ്ങാനിരുന്ന ആണവപദ്ധതി അവിടുത്തെ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഒരേപോലെ ദോഷകരമാകുമെന്നതുകൊണ്ട് അത് നിര്‍ത്തലാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
2014 ജനുവരിയില്‍ അരവിന്ദ് കെജ്‌രിവാള്‍ രൂപംനല്‍കിയ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ നോര്‍ത്ത് ഈസ്റ്റ് മുബൈ നിയോജക മണ്ഡലത്തില്‍ നിന്നും ആം ആദ്മി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും 8.09% വോട്ടുകള്‍ മാത്രം നേടി ഭാരതീയ ജനതാപാര്‍ട്ടിയുടെ കിരിത് സോമയ്യയോട് പരാജയപ്പെടുകയും ചെയ്തു.
റൈറ്റ് ലൈവ്‌ലി ഹുഡ് അവാര്‍ഡ്, ബി.ബി.സി നല്‍കിയ, ഏറ്റവും നല്ല രാഷ്ട്രീയ, സാമൂഹിക പ്രചാരണത്തിനുള്ള 'ഗ്രീന്‍ റിബണ്‍' അന്താരാഷ്ട്ര അവാര്‍ഡ്,ആംനസ്റ്റി ഇന്റര്‍നാഷണല്‍ നല്‍കിയ ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫെന്റര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ മേധാ പടക്ര്‍ക്ക് ലഭിച്ചിട്ടുണ്ട്.


No comments:

Post a Comment

5th Issue

Students India

Students India

6th Issue