Thursday, August 1, 2019

ചെമ്പന്‍ പാണ്ട (Red panda)

കിഴക്കന്‍ ഹിമാലയത്തിലും  തെക്കുപടിഞ്ഞാറന്‍  ചൈനയിലും കണ്ടുവരുന്ന ഒരു സസ്തനിയാണ് ചെമ്പന്‍ പാണ്ട (ഇംഗ്ലീഷ് നാമം: Red panda). ഇന്ത്യ, ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളില്‍ നമുക്കിവയെ കാണാന്‍ സാധിക്കും. ഇന്ത്യയില്‍ പ്രധാനമായും സിക്കിം, അരുണാചല്‍, മേഘാലയ, പശ്ചിംബംഗ എന്നീ സംസ്ഥാനങ്ങളിലാണ് ഇവ ധാരാളമായി ഉള്ളത്. സിക്കിം സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം കൂടിയാണ് ചെമ്പന്‍ പാണ്ട. സമുദ്രനിരപ്പില്‍നിന്നും 7,200 മുതല്‍ 15,700 അടി വരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് ഇവ വസിക്കുന്നത്. 10° C നും 25°C നും ഇടയിലുള്ള അന്തരീക്ഷതാപനില ഇവ ഇഷ്ടപ്പെടുന്നു.
ഒരു വളര്‍ത്തുപൂച്ചയേക്കാള്‍ അല്പം അധികം മാത്രം വലിപ്പമുള്ള ഇവ സദാസമയവും മരങ്ങളിലാണ് ചിലവഴിക്കാറ്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ ഇവയുടെ ശരീരം ചെമ്പന്‍ രോമങ്ങളാല്‍ ആവ്യതമാണ്. രോമാവൃതമായ നീണ്ട അയഞ്ഞ വാല്‍ ഇവയുടെ പ്രത്യേകതയാണ്. മിശ്രഭുക്കായ ചെമ്പന്‍ പാണ്ടയുടെ ഭക്ഷണം മുളയാണെങ്കിലും മുട്ട, പക്ഷികള്‍, ഷഡ്പദങ്ങള്‍ ചെറിയ സസ്തനികള്‍ എന്നിവയേയും അകത്താക്കാറുണ്ട്.
ചെമ്പന്‍പാണ്ടയുടെ ശരീരത്തിന് (വാല്‍ ഉള്‍പെടാതെ) 50 മുതല്‍ 64 സെ.മീ വരെയും, വാലിന് 28 മുതല്‍ 59 സെ. മീ വരെ നീളവും കാണപ്പെടാറുണ്ട്. ഇവയില്‍ ആണിന് 3. 7-6.2 കിലോയും പെണ്ണിന് 3-6 കിലോയും തൂക്കം കാണുന്നു. ശരീരത്തിന്റെ മുകള്‍ ഭാഗത്ത് നീളമുള്ളതും മൃദുവായതുമായ ചെമ്പന്‍ രോമങ്ങള്‍ ഉള്ളപ്പോള്‍ അടിഭാഗത്തെ രോമങ്ങള്‍ക്ക് കറുപ്പുകലര്‍ന്ന തവിട്ടുനിറമാണ്. കൂര്‍ത്തുവളഞ്ഞ നഖങ്ങള്‍  ഇവയെ മരങ്ങളിലൂടെ സഞ്ചരിക്കാന്‍ സമര്‍ത്ഥരാക്കുന്നു.

No comments:

Post a Comment

5th Issue

Students India

Students India

6th Issue