പൂവന്മാര്‍ക്ക് കമനീയമായ വര്‍ണ്ണശോഭയുണ്ടായിരിക്കും. പിടപക്ഷികള്‍ മങ്ങിയ നിറത്തിലായിരിക്കും. പൂവന് സന്താനോല്‍പ്പാദനകാലത്ത് ആകെ തിളങ്ങുന്ന കറുപ്പാണ്. മറ്റു കാലങ്ങളില്‍ നെറ്റി മുതല്‍ വാലുവരെ മങ്ങിയ കറുപ്പും അടിഭാഗങ്ങള്‍ മുഷിഞ്ഞ വെള്ളനിറവുമായിരിക്കും. താടിയില്‍ നിന്ന് ഉദരം വരെ നീണ്ടുപോകുന്ന ഒരു കറുത്ത പട്ടയുണ്ടായിരിക്കും. പിടയ്ക്കു ഏതു കാലത്തും ഉപരിഭാഗമെല്ലാം പച്ചഛായയുള്ള ഇരുണ്ട തവിട്ടു നിറവും അടിഭാഗമെല്ലാം നേരിയ മഞ്ഞയുമാണ്.
മറ്റു തേന്‍ കിളികളെ പോലെ തന്നെ ആണ് കറുപ്പന്‍ തേന്‍കിളികളുടെയും ആഹാരരീതി. നീണ്ട കൊക്കും അതിലും നീളമുള്ള നാക്കുമുള്ള കറുപ്പന്‍ തേന്‍കിളികളുടെ പ്രധാന ആഹാരം പൂന്തേനാണ്. എങ്കിലും മറ്റു കിളികളെ പോലെ ചെറിയ പാറ്റകളെയും പുഴുക്കളെയും മറ്റും പതിവായി തിന്നാറുണ്ട്.
എല്ലാ തേന്‍കിളികളുടേയും കൂടുകള്‍ ഏറെക്കുറെ ഒരുപോലിരിക്കും. നാരുകളും വേരുകളും മാറാലകൊണ്ട് ബന്ധിച്ചു പുറത്തു കരിയിലകഷ്ണങ്ങളും എട്ടുകാലികളുടെ മുട്ടസഞ്ചികളും ചിലതരം പുഴുക്കളുടെ കാഷ്ടവും മറ്റും പിടിപ്പിച്ചാണ് കൂടുണ്ടാക്കുക. അതിനുള്ളില്‍ മുട്ടകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കിടക്കുവാന്‍ പഞ്ഞിയും അപ്പുപ്പന്‍താടിയും കൊണ്ട് ഒരു മെത്തയും പണിയും. വല്ല ചെടിയുടെയും ശാഖാഗ്രത്തില്‍ ആയിരിക്കും കൂടു തൂക്കിയിടുക. പല കൂടുകളും തറയില്‍ നിന്ന് നാലഞ്ചടി പൊക്കത്തില്‍ ആയിരിക്കും കാണപ്പെടുക. പക്ഷേ കരിയിലകഷ്ണങ്ങളും മറ്റും കൊണ്ട് പൊതിഞ്ഞ കൂട് കണ്ടാല്‍ അത് ഒരുകൂട്ടം ഉണക്കിലകള്‍ ആണെന്നെ തോന്നൂ. അടുത്ത് ചെന്ന് നോക്കിയാല്‍ ഒരു വശത്ത് മുകളിലായി ചെറിയ ഒരു പ്രവേശനദ്വാരവും കാണാം. ഈ ദ്വാരത്തിനു മുകളിലായി ചെറിയൊരു പടിപ്പുരയും മിക്ക കൂടുകള്‍ക്കും ഉണ്ടായിരിക്കും. തേന്‍കിളികള്‍ക്കിടയില്‍ കൂടുകൂട്ടുന്നതും മുട്ടകള്‍ക്ക് മീതെ അടയിരിക്കുന്നതും പിടപ്പക്ഷികളുടെ കുത്തകയാണ്. മുട്ടകള്‍ വിരിഞ്ഞു കഴിഞ്ഞാല്‍ പൂവന്മാര്‍ കുഞ്ഞുങ്ങളെ തീറ്റുന്നതിനു സഹായിക്കും.
പലസസ്യങ്ങളുടെയും പരാഗവിതരണത്തില്‍ മറ്റു തേന്‍കിളികളെപ്പോലെ തന്നെ കറുപ്പന്‍ തേന്‍കിളികള്‍ക്കും ഗണ്യമായ പങ്കുണ്ട്. മാത്രമല്ല സസ്യശത്രുക്കള്‍ ആയ പലതരം കൃമികളെയും പുഴുക്കളെയും പിടിച്ചു തിന്നും ഈ പക്ഷികള്‍ നമുക്ക് വളരെ ഉപകാരം ചെയ്യുന്നു.
No comments:
Post a Comment