Tuesday, November 26, 2019

പേക്കുയില്‍ (Common Hawk Cuckoo)

കേരളത്തിലെ വനയോര മേഖലകളോട് ചേര്‍ന്നുളള ഗ്രാമപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു പക്ഷിയാണ് പേക്കുയില്‍. മുകള്‍ഭാഗം ഇരുണ്ട ചാരനിറവും വയറുഭാഗം വെള്ളനിറത്തിലുമായിരിക്കും കാണപ്പെടുന്നത്. കൊക്കിനുതാഴെയുള്ള ഭാഗം നല്ല കറുപ്പ് നിറവും കഴുത്തും നെഞ്ചും നേരിയ തവിട്ട് നിറം കലര്‍ന്നതുമായിരിക്കും. കണ്ണിന് ചുറ്റും പുരികം പോലെ മഞ്ഞനിറത്തിലുള്ള വൃത്തമുണ്ടാകും. പെട്ടെന്നുള്ള കാഴ്ചയില്‍ പ്രാപ്പിടിയന്റെ ശരീരഭാഷ ഉള്ളതായിട്ടുതോന്നാം. എന്നാല്‍ മഞ്ഞ നിറത്തിലുള്ള ചെറിയ കാല്‍ വിരലുകളും കൊമ്പുകളും സൂക്ഷ്മമായി വീക്ഷിച്ചാല്‍ പേക്കുയിലിനെ തിരിച്ചറിയാന്‍ യാതൊരു പ്രയാസവുമുണ്ടാവില്ല.
പൊതുവെ സമാധാനപ്രിയരാണ് ഈ പേക്കുയിലുകള്‍. മറ്റ് ജീവികളെ ശല്യം ചെയ്യാതെ തങ്ങള്‍ക്കുള്ള ആഹാരം കണ്ടെത്തുകയാണ് പതിവ്. മരങ്ങളിലെ ചെറു പുഴുക്കള്‍, വിട്ടില്‍, ചിതല്‍ തുടങ്ങി ചെറുപ്രാണികള്‍ എന്നിവയെല്ലാം പേക്കുയിലുകള്‍ക്ക് പ്രിയപ്പെട്ട ആഹാരമാണ്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഇവയുടെ പ്രജനനകാലമായി കാണുന്നത്. ഈ കാലഘട്ടത്തില്‍ ആണ്‍കിളികള്‍ ആകാശത്ത് വട്ടമിട്ട് പറന്ന് ഇണയെ ആകര്‍ഷിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്നു. പലയിടങ്ങളിലും മാറിമാറിയിരുന്നായിരിക്കും ഇവ ശബ്ദമുണ്ടാക്കുന്നത്. ശബ്ദം കേള്‍ക്കുന്നഭാഗങ്ങളില്‍ നോക്കിയാല്‍ പെട്ടെന്ന് കാണാനും കഴിയില്ല. വളരെ മൃദുവായിട്ടുള്ള നാദമാണെങ്കിലും വളരെ ദൂരത്ത് വരെ ഇതിന്റെ ശബ്ദം കേള്‍ക്കാം. തുടരെത്തുടരെ മുന്ന് ശബ്ദം പുറപ്പെടുവിച്ച് പിന്നെ ഒരല്പനേരം കഴിഞ്ഞിട്ടാവും അടുത്ത വിളിയൊച്ചവരുക. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ വളരെ ഉച്ചത്തില്‍ നിര്‍ത്താതെയും ശബ്ദിച്ചുകൊണ്ടിരിക്കും. രാത്രി വൈകിയും ഇങ്ങനെ തുടര്‍ന്നിട്ടുണ്ട്. ഇത് ശത്രുക്കളുടെ വരവിനെ വിളിച്ചറിയിപ്പിക്കുന്നതായും പറയപ്പെടുന്നു. സ്വന്തമായി കൂടുകൂട്ടുന്ന പേക്കുയില്‍ കരിയിലക്കിളി, പൂന്നാങ്കരി എന്നീ പക്ഷികളുടെ കൂട്ടിലാകും മുട്ടയിടുന്നത്. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന കുഞ്ഞുങ്ങളുടെ നിറവും മുതിര്‍ന്നവയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും.

No comments:

Post a Comment

5th Issue

Students India

Students India

6th Issue