പരുന്തുകളുടെ വര്‍ഗത്തില്‍പ്പെട്ട പക്ഷിയാണ് വിറയന്‍പുള്ള്. വിറയന്‍ പുള്ളിന് Common Kestrel , European Kestrel, Eurasian Kestrel, Old World Kestrel എന്നൊക്കെ പേരുകളുണ്ട്. ഇവ ഒരു ഇരപിടിയന്‍ പക്ഷിയാണ്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ പരക്കെ കാണുന്ന അരിപ്രാവിനോളം വലിപ്പമുണ്ട് ഇവയ്ക്ക്. വീതി കുറഞ്ഞതും അറ്റം കൂര്‍ത്തതുമായ നീണ്ട ചിറകുകള്‍, തുമ്പില്‍ വെള്ളയും അതിനു തൊട്ടു മുകളില്‍ കറുപ്പും കരകള്‍ ഉള്ള നീണ്ടതും ചാരനിറമുള്ളതുമായ വാല്‍, തലയും പിന്‍ കവുത്തും ചാര നിറം. പുറവും ചിറകുകളും ഇഷ്ടികയുടെ നിറം. ഈ ഭാഗത്തെല്ലാം കുറെ കറുത്തതും വലിയതുമായ പുള്ളികള്‍ കാണാം. ദേഹത്തിന്റെ അടിവശം നേര്‍ത്ത ചെമ്പിച്ച തവിട്ടുനിറം. അവിടെയും ധാരാളം കറുത്ത പുള്ളികളുണ്ട്. പെണ്‍പക്ഷിയുടെ തലയും വാലും ചാരനിറമല്ല. ചെമ്പിച്ച തവിട്ടുനിറം തന്നെയാണ്. വാലില്‍ ഉടനീളം കറുത്ത പട്ടകള്‍ കാണും. പിട ആണിനെ അപേക്ഷിച്ച് സാമാന്യം വലുതാണ്. മുകള്‍വശത്ത് കറുത്ത പുള്ളികളോടു കൂടിയ ഇളം തവിട്ട്‌നിറം. അടിവശം കറുപ്പുവരകളോടുകൂടിയ മങ്ങിയ നിറം. കാലും കണ്ണിനു ചുറ്റുമുള്ള വളയവും നല്ല മഞ്ഞ നിറം. നഖങ്ങളും കൊക്കും കണ്ണും ഇരുണ്ടനിറം.
ആഹാരം തേടിക്കൊണ്ട് പറക്കുമ്പോള്‍ കൂടെക്കൂടെ തുരുതുരെ ചിറകുവിറപ്പിച്ചുകൊണ്ട് ഒരേസ്ഥലത്ത് തന്നെ കാറ്റ് ചവുട്ടി നില്‍ക്കുന്ന സ്വഭാവത്തിന് പേരുകേട്ടതാണ് ഈ പക്ഷി. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇരുന്ന് ചുറ്റും നോക്കുകയും ഇരയെക്കണ്ടാല്‍ അതിവേഗം പറന്ന് റാഞ്ചിയെടുക്കുന്നതും ഇവയുടെ രീതിയാണ്. പലപ്പോഴും ഉയരെ വട്ടമിട്ടുപറന്നും ഇവ ഇരതേടാറുണ്ട്. അങ്ങനെ ചെയ്യുമ്പോഴാണ് കൂടെക്കൂടെ ഇവ കാറ്റ് ചവുട്ടിനില്‍ക്കുക. തത്സമയത്ത് താഴെ ഇരയുണ്ടെന്നു കണ്ടാല്‍ പെട്ടെന്നു ചിറക്പ്പൂട്ടി കല്ല് വീഴുന്നതുപോലെ താഴോട്ടിറങ്ങും. അതിനിടയ്ക്ക് ഇര നഷ്ടപ്പെട്ടു എന്നു കണ്ടാല്‍ വീണ്ടും പറന്നു പൊങ്ങി കുറെദൂരം പോയശേഷം കാറ്റ് ചവുട്ടിനിന്ന് തറപരിശോധിച്ചു തുടങ്ങും. ചെറു പ്രാണികളാണ് ഇവയുടെ പ്രധാന ആഹാരം. ഈ ചെറു ജീവികള്‍ അധികവും തുറന്ന പറമ്പുകളിലും പുല്‍ മേടുകളിലും ജീവിക്കുന്നതിനാല്‍ വിറയന്‍പുള്ളിനെയും ആ സ്ഥലങ്ങളിലാണ് കാണുക.
No comments:
Post a Comment