Monday, June 3, 2019

2019 അന്താരാഷ്ട്ര പീരിയോഡിക് ടേബിള്‍ വര്‍ഷം

പീരിയോഡിക് ടേബിള്‍ പിറന്നിട്ട് 150 വര്‍ഷം തികയുന്ന 2019, 
അന്താരാഷ്ട്ര പീരിയോഡിക് ടേബിള്‍ വര്‍ഷമായി ആചരിക്കുന്നു.

ദിമിത്രി മെന്‍ഡലിയേവ്
പീരിയോഡിക് ടേബിളിന്റെ സൃഷ്ടാവ്.




ആധുനിക രസതന്ത്രത്തിന്റെ മൂലക്കല്ലായി മാറിയ ഈ പട്ടിക കണ്ടെത്തിയിട്ട് 150 വര്‍ഷം തികയുന്നു. 2019നെ 'അന്താരാഷ്ട്ര പീരിയോഡിക് ടേബിള്‍ വര്‍ഷം' (IYPT2019) ആയി യു.എന്‍. ആചരിക്കുന്നത് അതുകൊണ്ടാണ്. 1869ല്‍ റഷ്യന്‍ രസതന്ത്രജ്ഞന്‍ ദിമിത്രി ഇവാനോവിച്ച് മെന്‍ഡലീഫ് ആണ് പീരിയോഡിക് ടേബിള്‍ തയാറാക്കിയത്. ജീവശാസ്ത്രത്തില്‍ പരിണാമ സിദ്ധാന്തം എത്ര പ്രധാനമാണോ അത്രയ്ക്ക് പ്രധാനമാണ് രസതന്ത്രത്തില്‍ പീരിയോഡിക് ടേബിള്‍ എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇത് കണക്കിലെടുത്താണ്, 2017 ഡിസംബര്‍ 20ന് നടന്ന യു.എന്‍.പൊതുസഭയുടെ എഴുപത്തിരണ്ടാം സമ്മേളനം, 2019 പീരിയോഡിക് ടേബിള്‍ വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചത്. യുനെസ്‌കോയ്ക്കാണ് ആഘോഷ പരിപാടികളുടെ ചുമതല. 'ആധുനിക ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനം ചെലുത്തിയതുമായ മുന്നേറ്റങ്ങളിലൊന്നാണ് പീരിയോഡിക് ടേബിളിന്റെ കണ്ടെത്തല്‍. രസതന്ത്രത്തിന്റെ മാത്രമല്ല, ഭൗതികശാസ്ത്രം, ജീവശാസ്ത്രം ഉള്‍പ്പടെ മറ്റ് പഠനമേഖലകളുടെയും അന്തസത്ത പ്രതിഫലിപ്പിക്കുന്ന കണ്ടുപിടുത്തമാണിത്' പീരിയോഡിക് ടേബിളിനെപ്പറ്റി യുനെസ്‌കോ അറിയിപ്പില്‍ പറയുന്നു.
മൂലകങ്ങളെ വര്‍ഗ്ഗീകരിക്കാനുള്ള ശ്രമങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ശാസ്ത്രലോകം തുടങ്ങിയിരുന്നു. 1789ല്‍ അന്ന് അറിയാമായിരുന്ന 33 മൂലകങ്ങളെ വര്‍ഗ്ഗീകരിക്കാന്‍ അന്റോയിന്‍ ലാവോസിയേര്‍ (Antoine Lavoisier) നടത്തിയ ശ്രമം ശ്രദ്ധേയമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൂടുതല്‍ മൂലകങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. എന്നാല്‍ ഇവയ്‌ക്കൊന്നും കൃത്യമായ ക്രമപ്പെടുത്തലുണ്ടായില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ശാസ്ത്രജ്ഞര്‍ അത്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. 1860ല്‍ ജര്‍മനിയിലെ കാള്‍സ്രുഗെയില്‍ ആദ്യ അന്തരാഷ്ട്ര കെമിക്കല്‍ കോണ്‍ഗ്രസ്സ് നടക്കുമ്പോള്‍, ഇറ്റാലിയന്‍ രസതന്ത്രജ്ഞന്‍ സ്റ്റാനിസ്ലാവോ കാനിസ്സാറോ (Stanislao Cannizzaro) ഒരു പ്രധാന കണ്ടെത്തല്‍ അവതരിപ്പിച്ചു. 'അവഗാഡ്രോ നിഗമനം' അടിസ്ഥാനമാക്കി മൂലകങ്ങളുടെ ആറ്റമിക ഭാരം (atomic weight)  നിര്‍ണയിക്കാനുള്ള ഒരു പുതിയ മാര്‍ഗമായിരുന്നു അത്. അതോടെ മൂലകങ്ങളെ സംബന്ധിച്ച് പ്രധാന സംഗതിയായി അറ്റോമിക ഭാരം മാറി. അറ്റോമിക ഭാരത്തിന്റെ അടിസ്ഥാനത്തില്‍ മൂലകങ്ങള്‍ ക്രമീകരിക്കാനും വര്‍ഗ്ഗീകരിക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങി. മൂലകങ്ങളെ ഇതുപ്രകാരം ക്രമീകരിക്കാന്‍ കഴിയുമെന്ന് ഫ്രഞ്ച് ഭൗമശാസ്ത്രജ്ഞന്‍ അലക്‌സാണ്ടര്‍ എമിലി ബിഗുയര്‍ ഡി ഷാന്‍കോര്‍ട്ടോയ്‌സും (Alexandre Emile Beguyer de Chancourtois), ബ്രിട്ടീഷ് കെമിസ്റ്റ് ജോണ്‍ ന്യൂലാന്‍ഡ്‌സും (John Newlands) വെവ്വേറെ നിലകളില്‍ കണ്ടെത്തി. 1860കളില്‍ നടന്ന മുന്നേറ്റങ്ങള്‍ പക്ഷേ, അധികമൊന്നും മുന്നോട്ടുപോയില്ല. മൂലകങ്ങളെ അറ്റോമിക ഭാരം അനുസരിച്ച് ക്രമീകരിക്കേണ്ടതിില്ല എന്നും മറിച്ച് അക്ഷരമാല ക്രമത്തില്‍ പട്ടികപ്പെടുത്തിയാല്‍ മതി എന്നുമുള്ള വാദത്തിന് ഭൂരിപക്ഷം ലഭിച്ചു തുടങ്ങി.
അറ്റോമിക ഭാരം അടിസ്ഥാനമാക്കി മൂലകങ്ങളെ ക്രമീകരിച്ച മറ്റൊരാള്‍, ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ലോഥര്‍ മേയര്‍ (Lothar Meyer) ആണ്. മേയര്‍ രചിച്ച 'ദി മോഡേണ്‍ തിയറി ഓഫ് കെമിസ്ട്രി' എന്ന പുസ്തകത്തില്‍ കാനിസ്സാറോയുടെ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയതിനേത്തുടര്‍ന്നാണ് അദ്ദേഹം ഈ കണ്ടെത്തലിലേക്കെത്തിയത്. എന്നാല്‍ പുസ്തകത്തിന്റെ ആദ്യ പതിപ്പില്‍ ഇതിനേക്കുറിച്ച് സൂചനകള്‍ മാത്രമേ നല്‍കിയുള്ളു. 1868ല്‍ പുസ്തകത്തിന്റെ രണ്ടാംപതിപ്പില്‍ അത് വിശദമായി ഉള്‍പ്പെടുത്തിയെങ്കിലും, 1870ല്‍ മാത്രമാണ് പുസ്തകം അച്ചടിക്കപ്പെട്ടത്. അപ്പോഴേക്കും റഷ്യക്കാരനായ മെന്‍ഡലീഫ് പീരിയോഡിക് ടേബിള്‍ അവതരിപ്പിച്ചിരുന്നു.
മെന്‍ഡലീനോടുള്ള ബഹുമാനാര്‍ഥം പീരിയോഡിക് ടേബിളിലെ 101ാം മൂലകത്തിന് 'മെന്‍ഡലീവിയം' (mendelevium) എന്ന് പേരുനല്‍കി.


1 comment:

5th Issue

Students India

Students India

6th Issue