Tuesday, June 4, 2019

ഹാന്‍സ് ക്രിസ്റ്റ്യന്‍ ഈഴ്സ്റ്റഡ്‌ (Hans Christian Oersted)


ലോകപ്രസിദ്ധനായ ഡാനിഷ് ഭൗതികശാസ്ത്രജ്ഞനും, രസതന്ത്രജ്ഞനുമായിരുന്നു ഹാന്‍സ് ക്രിസ്റ്റ്യന്‍ ഈഴ്സ്റ്റഡ്. വൈദ്യുതകാന്തികതയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈദ്യുതപ്രവാഹത്തിന് കാന്തികമണ്ഡലം സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയത് ഇദ്ദേഹമാണ്. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം അദ്യമായി വെളിപ്പെടുന്നത് ഇതോടെയാണ്.
വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഈഴ്സ്റ്റഡ് നിയമം (Oersted’s law), കാന്തികതയുടെ യൂണിറ്റുകളിലൊന്നായ ഈഴ്സ്റ്റഡ് (Oersted) തുടങ്ങിയവയൊക്കെ ഈ പ്രതിഭാശാലിയുടെ പേരിനോട് ചേര്‍ത്താണ് രൂപപ്പെട്ടിരിക്കുന്നത്. 1999ല്‍ വിക്ഷേപിക്കപ്പെട്ട ആദ്യ ഡാനിഷ് കൃത്രിമോപഗ്രഹത്തിനും 'ഈഴ്സ്റ്റഡ്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
1777ല്‍ ഡെന്‍മാര്‍ക്കിലെ റുഡ്‌കോബിങ് എന്ന സ്ഥലത്ത് ജനിച്ചു. 1853-54 കാലഘട്ടത്തില്‍ ഡെന്‍മാര്‍ക്കിന്റെ പ്രധാനമന്ത്രിയായിരുന്ന പ്രഗത്ഭ ആഭിഭാഷകന്‍ ആന്‍ഡേഴ്‌സ് സാന്‍ഡി ഈഴ്സ്റ്റഡ് (Anders Sandoe Orsted), ഹാന്‍സിന്റെ സഹോദരനായിരുന്നു.
ചെറു പ്രായത്തിലേ ശാസ്ത്രത്തില്‍ വലിയ ആഭിമുഖ്യമായിരുന്നു ഹാന്‍സിന്. 1800ല്‍ പ്രശസ്ത ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്ന അലസ്സാന്‍ഡ്രോ വാള്‍ട്ട ഇലക്ട്രിക് വാറ്ററിയുടെ ആദ്യ രൂപമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വോള്‍ട്ടായിക് പൈല്‍ വികസിപ്പിച്ചു. ഇതിനെക്കുറിച്ച് മനസ്സിലാക്കിയ ഹാന്‍സ് ഈഴ്സ്റ്റഡ് ഇലക്ട്രിസിറ്റിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തല്പരനായി. 1806ല്‍ കോപന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി. ഇവിടെ വച്ച് ഇലക്ട്രിസിറ്റിയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി.
1820 ഏപ്രില്‍ 1ന് ഒരു ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍, ഒരു ബാറ്ററി ഓഫാക്കുകയും ഓണാക്കുകയും ചെയ്യുന്നതനുസരിച്ച് മേശപ്പുറത്തിരുന്ന ഒരു കോംപസ് സൂചി ചലിക്കുന്നത് ഈഴ്സ്റ്റഡിന്റെ ശ്രദ്ധയില്‍ വരികയും തുടര്‍ന്ന് വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. രസതന്ത്രത്തിനും ഹാന്‍സ് ക്രിസ്റ്റ്യന്‍ ഈഴ്സ്റ്റഡ് വലിയ സംഭാവനകള്‍ നല്‍കി. ശുദ്ധമല്ലാത്ത രൂപത്തില്‍ ആദ്യമായി അലൂമിനിയത്തെ വേര്‍തിര്‍ച്ചെടുത്തത് ഇദ്ദേഹമായിരുന്നു. അതുകൊണ്ട് അലൂമിനിയം കണ്ടെത്തിയവരുടെ കൂട്ടത്തില്‍ ഓസ്റ്റെഡിനേയും ഉള്‍പ്പെടുത്തുന്നു.
 ഭൗതികശ്‌സ്ത്രത്തിനും രസതന്ത്രത്തിനു അതുല്ല്യ സംഭാവനകള്‍ നല്‍കിയ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഈഴ്സ്റ്റഡ് 1851 ല്‍ തന്റെ 73-ാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു.



No comments:

Post a Comment

5th Issue

Students India

Students India

6th Issue