Wednesday, October 29, 2025

Nobel Prize 2025

Winners and Details

( നോബല്‍ സമ്മാനം 2025 

വിജയികളും വിവരങ്ങളും)


വൈദ്യശാസ്ത്രം (Physiology/Medicine)

2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം മൂന്ന് ഗവേഷകര്‍ക്ക്. അമേരിക്കന്‍ മോളിക്യുലര്‍ ബയോളജിസ്റ്റ് മേരി ഇ. ബ്രങ്കോവ് (Mary Elizabeth Brunkow), അമേരിക്കന്‍ ഇമ്മ്യൂണോളജിസ്റ്റ് ഫ്രെഡ് റാംസ്‌ഡെല്‍ (Frederick Jay Ramsdell), ജാപ്പനീസ് ഗവേഷകന്‍ ഷിമോണ്‍ സകാഗുച്ചി (Shimon Sakaguchi) എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. 

രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്ന കണ്ടെത്തലിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതില്‍ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറല്‍ ഇമ്യൂണ്‍ ടോളറന്‍സ് (peripheral immune tolerance) സംബന്ധിച്ച കണ്ടുപിടുത്തങ്ങള്‍ക്കാണ് പുരസ്‌കാരം. പ്രതിരോധ സംവിധാനത്തിന്റെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്ന് വിളിക്കാവുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.

ഭൗതികശാസ്ത്രം (Physics)

ബ്രിട്ടീഷ് ഭൗതികശാസ്ത്രന്‍ ജോണ്‍ ക്ലാര്‍ക്ക് (John Clarke), ഫ്രഞ്ചുകാരന്‍ മിഷേല്‍ എച്ച്. ഡെവോറെറ്റ് (Michel Henri Devoret), അമേരിക്കന്‍ ഗവേഷകന്‍ ജോണ്‍ എം. മാര്‍ട്ടിനിസ് (John M. Martinis) എന്നിവരാണ് 2025ല ഭൗതികശാസ്ത്ര നോബല്‍ പുരസ്‌കാരജേതാക്കള്‍. വൈദ്യുത സര്‍ക്യൂട്ടിലെ മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണലിങ്ങിന്റെയും ഊര്‍ജ ക്വാണ്ടൈസേഷന്റെയും കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരം.

രസതന്ത്രം (Chemistry)

2025-ലെ രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്. സുസുമു കിറ്റഗാവ (Susumu Kitagawa), റിച്ചാര്‍ഡ് റോബ്സണ്‍ (Richard Robson), ഒമര്‍ എം. യാഗി (Omar Yaghi) എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മെറ്റല്‍-ഓര്‍ഗാനിക്  ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മരുഭൂമിയിലെ വായുവില്‍നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അടക്കം വാതകങ്ങള്‍ പിടിച്ചെടുക്കാനും സാധിക്കുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയത്.

ജപ്പാനിലെ ക്യോട്ടോ സർവകലാശാലയില്‍നിന്ന് പിഎച്ച്ഡി നേടിയ ക്യോട്ടോ സർവകലാശാലയില്‍ പ്രൊഫസറാണ്. സുസുമു കിറ്റഗാവ. ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് റോബ്സണ്‍, ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സർവകലാശാലയില്‍ പ്രൊഫസറാണ്. യുഎസിലെ ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സർവകലാശാലയിലെ പ്രൊഫസറാണ്, ജോര്‍ദാന്‍ വംശജനായ ഒമര്‍ എം. യാഗി.

സമാധാനം (Peace)

2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക് (María Corina Machado). വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും സ്വേച്ഛാധിപത്യത്തില്‍ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനും നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം.

ലാറ്റിനമേരിക്കയില്‍ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മരിയ കൊറിന മച്ചാഡോയെ വിശേഷിപ്പിക്കുന്നത്. വെനസ്വലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഇവര്‍ വഹിച്ചത്.

വെന്റെ വെനസ്വേല പാര്‍ട്ടിയുടെ ദേശീയ കോര്‍ഡിനേറ്ററായി. 2012ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ല്‍ നിക്കോളാസ് മഡുറോ സര്‍ക്കാരിനെതിരായ വെനസ്വേലന്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്നു. 2018ല്‍ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ 100 ശക്തയായ വനിതകളില്‍ ഒരാളാണ്. ഈ വര്‍ഷം ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ടൈം മാഗസിന്‍ തിരഞ്ഞെടുത്തപ്പോഴും മചാഡോ ഉള്‍പ്പെട്ടിരുന്നു.

സാമ്പത്തികശാസ്ത്രം (Economics)

2025-ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു. സാമ്പത്തികശാസ്ത്ര വിദഗ്ധരായ ജോയല്‍ മൊകീര്‍ (Joel Mokyr), ഫിലിപ്പ് അഗിയോണ്‍ (Philippe Aghion), പീറ്റര്‍ ഹോവിറ്റ് (Peter Howitt) എന്നിവരാണ് ഇക്കുറി പുരസ്‌കാരത്തിന് അര്‍ഹരായത്.  

പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും എങ്ങനെയാണ് സമ്പദ്വ്യവസ്ഥകളില്‍ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അടിസ്ഥാനമാകുന്നത് എന്ന ഗവേഷണത്തിനാണ് പുരസ്കാരം. ഈ വളര്‍ച്ച തുടരാന്‍ എന്തൊക്കെ സാഹചര്യങ്ങളാണ് വേണ്ടതെന്നും പുരസ്കാര ജേതാക്കള്‍ വിശദീകരിച്ചു. ജോയല്‍ മൊകീര്‍ ഇസ്രയേല്‍ പൗരനും, ഫിലിപ്പ് അഗിയോണ്‍ ഫ്രഞ്ചുകാരനും, പീറ്റര്‍ ഹോവിറ്റ് കനേഡിയന്‍ ഗവേഷകനുമാണ്.

സാഹിത്യം (Literature)

2025-ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ഹംഗേറിയന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്േലാ ക്രസ്നഹോര്‍ക്കൈ (Laszlo Krasznahorkai) നേടി. കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ പ്രതിഫലനമാണ് ഇദ്ദേഹത്തിന്റെ രചനകള്‍. 2015-ല്‍ അദ്ദേഹത്തിന്റെ 'Satantango' എന്ന നോവലിന് മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു. 

Satantango (1985), The Melancholy of Resistance (1989) എന്നിവയുള്‍പ്പെടെ അദ്ദേഹത്തിന്റെ നിരവധി കൃതികള്‍ ഹംഗേറിയന്‍ സംവിധായകന്‍ ബെയ്‌ലാ താര്‍ സിനിമകളാക്കിയിട്ടുണ്ട്. 1954‍  ജനുവരി 5 ന് ഹംഗറിയിലെ ഗ്യുലയിലാണ് ഇദ്ദേഹത്തിന്റെ ജനനം. 


No comments:

Post a Comment

5th Issue

Students India

Students India

6th Issue