Friday, May 17, 2019

കൃഷിപാഠം.-2 ചീര കൃഷി ചെയ്യാം

കൂട്ടുകാര്‍ക്ക് സ്വന്തമായി ചെറിയ കൃഷിയൊക്കെ ആവാം. 
വിഷമില്ലാത്ത പച്ചക്കറികളും മറ്റും വീട്ടുവളപ്പില്‍ വളര്‍ത്താം. 
ഇതാ നിങ്ങള്‍ക്കായൊരു കൃഷിപാഠം.
.................................................................................................................

ജോര്‍ജ് കെ. മത്തായി
ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷി വകുപ്പ്, ആലപ്പുഴ
.................................................................................................................


ചീര കൃഷി
കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഇലക്കറി വിളയാണ് ചീര. കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ഇനങ്ങള്‍ തിരഞ്ഞെടുക്കുക ആണ് എങ്കില്‍ വര്‍ഷം മുഴുവന്‍ ചീര കൃഷി ചെയ്യാം. നാടന്‍ ഇനങ്ങള്‍ക്ക് പുറമെ നിരവധി ഉരുത്തിരിച്ചെടുത്ത ഇനങ്ങളും ഇന്ന് ലഭ്യമാണ്.
പ്രധാന ഇനങ്ങള്‍
1. അരുണ്‍ - അത്യുല്പാദനശേഷിയുള്ള ഇനം. ചുവന്നനിറം, പൂവിടുന്നതിനു ദിനദൈര്‍ഘ്യവുമായി ബന്ധമില്ല.
2. Co-1, മോഹിനി - പച്ചനിറമുള്ളത്.
3. രേണുശ്രി, Co-5 - ചുവന്ന തണ്ട്, പച്ചനിറമുള്ള ഇലകള്‍.
4. കണ്ണാറ നാടന്‍ - ചുവപ്പ് നിറമുള്ള ഇലകള്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൂവിടുന്നു. അതുകൊണ്ടുതന്നെ ഈ സമയം ഒഴിവാക്കി കൃഷി ചെയ്യുക.
വിത്തിന്റെ അളവ് - 8 ഗ്രാം വിത്ത് ഒരു സെന്റില്‍
നടീല്‍ രീതി - നേരിട്ട് വിതയും പറിച്ചു നടലും.
നിലം ഒരുക്കല്‍ - മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കാത്ത വിധത്തിലും വേനല്‍ക്കാലത്ത് വെള്ളം ഒഴുകിപ്പോകാത്ത വിധത്തിലും സ്ഥലം ഒരുക്കണം. വേനല്‍ക്കാലത്ത് തടങ്ങള്‍ എടുക്കുന്നതും മഴക്കാലത്ത് തവാരണകള്‍ എടുക്കുന്നതുമാണ് ഉത്തമം.
നടുന്ന വിധം
നന്നായി തയാറായ ജൈവവളത്തോടൊപ്പം ട്രൈക്കോഡെര്‍മകൂടി ചേര്‍ത്ത് നന്നായി കിളച്ച് കൃഷിയിടം ഒരുക്കുക. ജൈവവളം സെന്റിന് കുറഞ്ഞത് 100 കിലോഗ്രാം എന്ന അളവില്‍ ചേര്‍ക്കണം. അമ്ലത്വം കൂടുതലുള്ള മണ്ണില്‍ കുമ്മായം ചേര്‍ത്ത് അമ്ലത്വം കുറയ്ക്കണം. മഴക്കാലത്ത് തവാരണകള്‍ എടുക്കുമ്പോള്‍ അതിന്റെ വീതി കൃഷിപ്പണികള്‍ വശങ്ങളില്‍ ഇരുന്ന് ചെയ്യുവാന്‍ സാധിക്കാത്ത വിധത്തില്‍ ക്രമീകരിക്കണം.
വിത്ത് നേരിട്ട് വിതക്കുന്നതിന് ഭക്ഷണമേശയില്‍ ഉപ്പ്, കുരുമുളക് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചെറിയ പാത്രം ഉപയോഗിച്ച് തയ്യാറാക്കിയ കൃഷിയിടത്തില്‍ വിതയ്ക്കുവാന്‍ സാധിക്കും. നേഴ്‌സറിയില്‍ വിത്ത് വിതച്ച് തയ്യാറാക്കിയ തൈകള്‍ (20-25 ദിവസം പ്രായമുള്ളത്) സ്യൂഡോമോണാസ് 
ലായനിയില്‍ വേര് ഭാഗം മുക്കിയതിനുശേഷം നടാവുന്നതാണ്. നേരിട്ട് വിതയ്ക്കുമ്പോഴും തവാരണയില്‍ വിതയ്ക്കുന്നതിനു മുന്‍പും വിത്തിനോടൊപ്പം സ്യൂഡോമോണാസ് പൊടി ചേര്‍ത്ത് വിതയ്ക്കുന്നത് കുമിള്‍ രോഗബാധ കുറയ്ക്കുന്നതിന് സഹായിക്കും. ഒരു സെന്റില്‍ 660 ചെടികള്‍ നടാവുന്നതാണ്.
ചാണകച്ചാല്‍ (പച്ചചാണകം 200 ഗ്രാം 4 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്) ഗോമൂത്രം, വെര്‍മിവാഷ് 8 ഇരിട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചത് എന്നിവ മണ്ണില്‍ സാവധാനം ഒഴിച്ചു കൊടുക്കാവുന്നതാണ്.
കീടനിയന്ത്രണം
പുഴുക്കളെ കാണുമ്പോള്‍ തന്നെ പിടിച്ചു കൊല്ലുക. വേപ്പിന്‍ കുരുസത്ത് 5% ബ്യൂവേറിയ എന്നിവ മുന്‍കൂറായി പ്രതിരോധ മാര്‍ഗ്ഗമായി തളിച്ചുകൊടുക്കാവുന്നതാണ്. പെരുവലത്തിന്റെ ഇലച്ചാര്‍ 4% ഷാമ്പുവെള്ളത്തില്‍ ചേര്‍ത്ത് തളിക്കാം. 

◼️ ഇലപ്പുള്ളിരോഗം
ചിരകൃഷിയെ ബാധിക്കുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇത് ഒഴിവാക്കുന്നതിന് ചുവടെ ചേര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
1. സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുക.
2. തൈകളില്‍ സ്യൂഡോമോണാസ് ലായനിയുടെ തെളി സ്‌പ്രേ ചെയ്യുക.
3. ചുവന്ന ഇനങ്ങളോടൊപ്പം Co-1 ഇനവും കൃഷി ചെയ്യുക.
4. പുതയിടുക.
5. ജലസേചനം നടത്തുമ്പോള്‍ വെ ള്ളം ശക്തിയായി ഒഴിക്കുന്നത്     ഒഴിവാക്കുക. ചുവട്ടില്‍ ഒഴിക്കുക.
1 ഗ്രാം അപ്പക്കാരം (ബേക്കിംഗ് സോഡ), 4ഗ്രാം മഞ്ഞള്‍പ്പൊടി, 4 ഗ്രാം പാല്‍ക്കായം എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത ലായനിയില്‍ ചേര്‍ത്ത് ചെടി നന്നായി കുളിര്‍പ്പിച്ച് ഇലയുടെ 2 വശവും വീഴത്തക്കവിധം സ്‌പ്രേ ചെയ്യുക.

No comments:

Post a Comment

5th Issue

Students India

Students India

6th Issue