Friday, April 26, 2019

കേരളത്തിന്റെ നാടന്‍ കളികള്‍ പരിചയപ്പെടാം...

കുട്ടിയും കോലും കളി



നിലത്ത് ഒരു ചെറിയ കുഴിയില്‍ പുള്ള്/കുട്ടി വെച്ച് കൊട്ടി/കോല് കൊണ്ട് അതിനെ തോണ്ടി തെറുപ്പിച്ചാണ് കളി തുടങ്ങുന്നത്. നിലത്തു തട്ടാതെ പുള്ളിനെ പിടിക്കുകയാണെങ്കില്‍ കളിക്കാരന്‍ പുറത്താകും. പുള്ളിനെ പിടിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ കളിക്കാരന്‍ കൊട്ടിയെ കുഴിക്കു മുകളില്‍ കുറുകെ വെയ്ക്കും. പുള്ള് വീണുകിടക്കുന്ന സ്ഥലത്തു നിന്ന് എതിര്‍ഭാഗം കൊട്ടിയില്‍ പുള്ള് കൊണ്ട് എറിഞ്ഞു കൊള്ളിക്കുന്നു. പുള്ള് കൊട്ടിയില്‍ കൊണ്ടാല്‍ കളിക്കാരന്‍ പുറത്താകും. ഈ രണ്ടു കടമ്പകളും താണ്ടി വേണം കളിക്കാരന് ആദ്യത്തെ പോയിന്റിനു വേണ്ടി കളിക്കാന്‍. പുള്ളിനെ കൊട്ടികൊണ്ട് അടിച്ചു തെറിപ്പിക്കുകയാണ് കളിയുടെ രീതി. തെറിച്ച് വീണ പുള്ള് എതിര്‍ വിഭാഗം എടുത്ത് കുഴി ലക്ഷ്യമാക്കി എറിയുന്നു. കുഴിയില്‍നിന്നും എത്രകൊട്ടി ദൂരത്തില്‍ പുള്ള് വന്നു വീണുവോ അത്രയും പോയിന്റ് കളിക്കാരനു ലഭിക്കും. കളിക്കാരന്‍ എത്രാമത്തെ പോയിന്റില്‍ നില്‍ക്കുന്നു എന്നതിന് അനുസരിച്ച് അടിക്കുന്ന രീതിയും മാറുന്നു. ഉദാഹരണമായി ഒരാള്‍ക്ക് 33 പോയിന്റ് ഉണ്ടെന്നിരിക്കട്ടെ. അവസാന അക്ഷരം 3 ആയതുകൊണ്ട് അയാള്‍ക്ക് മുക്കാപ്പുറം കളിക്കേണ്ടിവരും. 57 ആണെങ്കില്‍ കോഴിക്കാല്‍ എന്നിങ്ങനെ.

കല്ല് കളി (കൊത്തംകല്ല്) 



അഞ്ചോ ഏഴോ മണിക്കല്ല് നിലത്ത് ചിതറി ഇടും.അതില്‍ ഒന്നെടുത്ത് മേലോട്ട് എറിയും നിലത്തുള്ള ഒരു കല്ല് മറ്റു കല്ലുകളില്‍ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അതു പിടിക്കുകയും വേണം. ഇതു രണ്ടും തെറ്റുകൂടാതെ ചെയ്യലാണു കളിയുടെ ഒന്നാം നില. കൊത്ത്, കോയിക്കൊത്ത്, കൊത്തലടക്ക, വെച്ചാലടപ്പം, വാരിപ്പിടുത്തം, തപ്പ്, താളം, മേളം എന്നിങ്ങനെ താളത്തില്‍ പറഞ്ഞുകൊണ്ടാണു കല്ലു കൊത്തി എടുക്കുക. വിരല്‍കൊണ്ട് അതിവേഗത്തിലും തന്ത്രപരമായും കല്ല് എടുക്കുന്നതിനാലാണു കൊത്തിയെടുക്കുക എന്നു പറയുന്നത്. ഇപ്രകാരം എല്ലാ കല്ലുകളും കൊത്തിയെടുക്കണം. അതുകൊണ്ട് ഈ കളിയെ കൊത്തന്‍ കല്ല് കളി എന്നു വിളിക്കുന്നു. ഒന്നിനുപകരം ഒന്നിച്ച് രണ്ട് കല്ലെടുക്കുക, മൂന്നു കല്ല് ഒന്നിച്ച് വാരുക, എന്നിങ്ങനെ കളിയില്‍ കല്ല് കൊണ്ട് പല അഭ്യാസങ്ങളും വിദഗ്ദ്ധരായ കളിക്കാര്‍ കാണിക്കും.വീടിന്റെ ചാണകം മെഴുകിയ ഇറയത്തിരുന്നുള്ള ഈ കളിയില്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന സ്ത്രീകളും പങ്കുകൊള്ളാറുണ്ട്‌.

ഈര്‍ക്കില്‍കളി
 (കൊസ്രാകൊള്ളി) 



തെങ്ങിന്റെ ഈര്‍ക്കിലുകള്‍ ഉപയോഗിച്ചാണ് ഈര്‍ക്കില്‍ കളി. വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഒരു നാടന്‍കളിയാണ് ഇത.് രണ്ടോ അതിലധികമോ പേര്‍ തറയില്‍ ഇരുന്നാണ് ഈ കളി കളിക്കുക.
കളിക്കുന്ന രീതി
വ്യത്യസ്ത നീളങ്ങളിലുള്ള മൂന്നുതരം ഈര്‍ക്കിലുകളാണ് ഈ കളിയില്‍ ഉപയോഗിക്കുന്നത്. നാലിഞ്ചോളം നീളത്തിലുള്ള പത്ത് എണ്ണവും. ആറിഞ്ചോളം നീളത്തില്‍ രണ്ടെണ്ണവും പത്തിഞ്ചോളം വലിപ്പമുള്ള ഒരീര്‍ക്കിലുമാണ് കളിക്കു വേണ്ടത്.ഓരോ തരം ഈര്‍ക്കിലിനും വ്യത്യസ്ത വിലയാണുള്ളത്. ചെറിയ ഈര്‍ക്കലിനു 10-ഉം ഇടത്തരത്തിനു 50-ഉം ഏറ്റവും വലിയ ഒരു ഈര്‍ക്കലിനു 100-ഉം ആണ് വില.
ഈ ഈര്‍ക്കിലുകള്‍ പകുത്ത് കുരിശുരൂപത്തില്‍ പിടിച്ച് നിലത്തേക്ക് ചെറിയ ശക്തിയില്‍ ഇടും. ചിതറിക്കിടക്കുന്ന ഈര്‍ക്കിലുകള്‍ മറ്റു ഈര്‍ക്കിലുകള്‍ അനങ്ങാതെ സൂക്ഷ്മതയോടെ ഓരോന്നായി എടുക്കണം. ഏറ്റവും വലിയ ഈര്‍ക്കിലിനു മുകളില്‍ ഒരു ഈര്‍ക്കിലെങ്കിലും വന്നില്ലെങ്കില്‍ ആ കളിക്കാരന്‍ അവസരം അടുത്ത കളിക്കാരനു കൈമാറണം. നിലത്ത് വീണിരിക്കുന്ന ഈര്‍ക്കലുകള്‍ ഓരോന്നായി മറ്റുള്ള ഈര്‍ക്കലുകള്‍ അനങ്ങാതെ എടുക്കണം.പുറത്തേക്ക് ഒറ്റയായി തെറിച്ചു വീണിരിക്കുന്ന ഈര്‍ക്കിലുകളെ ആദ്യം കൈക്കലാക്കുന്നു. പിന്നീട് ഏതെങ്കിലും ഈര്‍ക്കില്‍ ഉപയോഗിച്ച് സൂക്ഷ്മതയോടെ മറ്റു ഈര്‍ക്കിലുകളെ ചിള്ളി മാറ്റി പുറത്തെടുക്കണം. കൂടെയുള്ള കളിക്കാര്‍ ഈര്‍ക്കില്‍ അനങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കും.അനങ്ങിയാല്‍ കളിനിര്‍ത്തി അടുത്തയാള്‍ക്കു കളിക്കാം. അനങ്ങുന്നതുവരെ സ്വന്തമായി കിട്ടിയ ഈര്‍ക്കിലിന്റെ വില കൂട്ടി വെക്കും. മുഴുവന്‍ ഈര്‍ക്കിലുകളും എടുക്കാനായാല്‍ 300 വില ആ കളിക്കാരനു ലഭിക്കും.

കിളിത്തട്ട് കളി



രണ്ട് വിഭാഗങ്ങളായി കളിക്കുന്ന  ഒരു നാടന്‍കളിയാണ്  ഈ കിളിത്തട്ട് കളി. മലപ്പുറം ജില്ലയില്‍ ഉപ്പ് കളി എന്നറിയപ്പെടുന്നു. രണ്ട് വിഭാഗത്തിലുമുള്ള കളിക്കാരുടെ എണ്ണം ഒരുപോലെയായിരിക്കും. കളിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കളം കൂട്ടി വരയ്ക്കാമെന്നത് ഈ കളിയുടെ ഒരു പ്രത്യേകതയാണ്. ഒരു ഉപ്പ് (പോയിന്റ്)  നേടുന്നതോടുകൂടി ഒരു കളി അവസാനിക്കുന്നു.
കളിക്കുന്ന രീതി
രണ്ടു ടീമില്‍ ഒരു ടീം അടിച്ചിറക്കി കൊടുക്കണം. അതായതു കളിക്കാരില്‍ ഒരാള്‍ കിളി എന്ന് പറയുന്ന ആള്‍ കളത്തിന്റെ ഒന്നാമത്തെ വരയില്‍ നില്‍ക്കണം ബാക്കിയുള്ളവര്‍ പുറകിലേക്കുള്ള കാലങ്ങളുടെ വരയില്‍ നില്‍ക്കണം. കിളി കൈകള്‍ തമ്മില്‍ കൊട്ടുംപോള്‍ കളി ആരംഭിക്കും. എതിര്‍ ടീമിലുള്ളവര്‍ കിളിയുടെയോ, വരയില്‍ നില്‍ക്കുന്നവരുടെയോ അടി കൊള്ളാതെ, എല്ലാ കളങ്ങളില്‍ നിന്നും ഇറങ്ങി കളത്തിനു പുറത്തു വരണം. അതിനു ശേഷം തിരിച്ചും അതുപോലെ കയറണം. കിളിക്ക് കളത്തിന്റെ സമചതുരത്തിലുള്ള പുറം വരയിലൂടെയും നടുവരയിലൂടെയും നീങ്ങവുന്നതാണ്. എന്നാല്‍ മറ്റുള്ള വരയില്‍ നില്‍ക്കുന്നവര്‍ ആ വരയില്‍ കൂടി മാത്രം നീങ്ങാനെ പാടുള്ളൂ. ആരുടെയും അടികൊള്ളാതെ വേണം കളങ്ങളില്‍ കൂടി പുറത്തെത്താന്‍. ഓരോ കളത്തിനും ഓരോ 'തട്ട്' എന്നാണ് പറയുക. അവസാനത്തെ കളത്തിനു പുറത്തെത്തിയ ആള്‍ 'ഉപ്പു' ആണ്. അകത്തെ കളങ്ങളില്‍ നില്‍ക്കുന്നവര്‍ 'പച്ച' ആണ്. ഉപ്പും പച്ചയും തമ്മില്‍ ഒരു കളത്തില്‍ വരന്‍ പാടില്ല. അങ്ങനെ വന്നാല്‍ ഫൌള്‍ ആണ്. അവര്‍ മറ്റേ ടീമിന് അടിചു ഇറക്കി കൊടുക്കണം. ഉപ്പു ഇറങ്ങിയ ആള്‍ തിരിച്ചു കയറി ഒന്നാം തട്ടിന് പുറത്തെത്തിയാല്‍ ഒരു ഉപ്പു ആയി എന്ന് പറയും. തട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തട്ടില്‍ നില്‍ക്കുന്ന ആള്‍ അടിച്ചാല്‍ കളി തോറ്റു. അവര്‍ മറ്റേ ടീമിന് അടിച്ചിറക്കി കൊടുക്കണം. ഒരു തട്ടില്‍ പച്ച ഉള്ളപ്പോള്‍ ഉപ്പിനു അതിന്റെ പകുതി തട്ടില്‍ വരാം. ഇതിനു അര തട്ട് എന്നാണ് പറയുക. അര തട്ടില്‍ നിന്നും ഉപ്പിനും പച്ചക്കും മൂല കുത്തി ചാടി പോകാവുന്നതാണ്. അപ്പോള്‍ തട്ടില്‍ നില്‍ക്കുന്ന ആള്‍ക്ക് അയാളെ ഓടിച്ചിട്ട് അടിക്കാന്‍ പാടില്ല. തട്ടിന്റെ നടുഭാഗത്തുനിന്നും മാത്രമേ അടിക്കാന്‍ പാടുള്ളൂ.

No comments:

Post a Comment

5th Issue

Students India

Students India

6th Issue