Class 6 (MM)

Malayalam (കേരളപാഠാവലി)

1. ഹാമെലിന്‍  പട്ടണത്തിലെ മുഴുവന്‍ എലികളെയും  തുരത്തിയ  കുഴലൂത്തുകാരന്‍ മടങ്ങിയത് ആ നാട്ടിലെ കുട്ടികളെയും കൊണ്ടാണ്. കുഴലൂത്തുകാരന്‍  എന്ന കഥാപാത്രത്തിന്റെ ജീവിതകാഴ്ചപ്പാടുകള്‍ക്കും കഥയിലെ സംഭവങ്ങള്‍ക്കും ഈ കാലഘട്ടത്തില്‍ എത്രത്തോളം പ്രസക്തിയുണ്ട്? നിങ്ങളുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി കഥാപാത്രനിരൂപണം തയാറാക്കുക.
എലികളുടെ  ശല്യംമൂലം വലഞ്ഞ ഹാമെലിന്‍ പട്ടണത്തിലേക്ക് വിചിത്രവേഷധാരിയായ കുഴലൂത്തുകാരന്‍ എത്തുകയും എലികളെ മുഴുവന്‍ അവിടെനിന്ന് തുരത്തുകയും  ചെയ്തു. എലികളെ തുരത്തുന്നവര്‍ക്ക് ആയിരം പൊന്‍പണം ഹാമെലിന്‍ പട്ടണത്തിന്റെ മേയര്‍ വാഗ്ദാനംചെയ്തിരുന്നു.  അതില്‍ വിശ്വസിച്ചാണ് കുഴലൂത്തുകാരന്‍ എലികളെ തുരത്താനെത്തിയത്.  തന്റെ മാന്ത്രികസംഗീതത്തിലൂടെ എലികളെപ്പോലും ആകര്‍ഷിക്കാനുള്ള കഴിവ് അയാള്‍ക്കുണ്ടായിരുന്നു. ഏറ്റെടുത്ത ജോലി വളരെ ആത്മാര്‍ഥമായിത്തന്നെ അയാള്‍ ചെയ്തു. പക്ഷേ വാഗ്ദാനംചെയ്ത പണം മേയര്‍ നല്‍കാത്തതിനാല്‍ അയാള്‍ ആ നാട്ടിലെ കുട്ടികളെയുംകൊണ്ട്  അപ്രത്യക്ഷനായി. മേയറോട് യാതൊരക്ഷരവും എതിര്‍ത്തുപറയാനോ പട്ടണവാസികളോട് യാതൊന്നും സംസാരിക്കാനോ അയാള്‍ തയാറായില്ല. പണം മോഹിച്ചാണ് അയാള്‍ എലികളെ തുരത്തിയത്. അതു നല്‍കാത്തതിനാലാണ് അയാള്‍ ആ നാട്ടിലെ കുട്ടികളെയുംകൊണ്ട് അപ്രത്യക്ഷനായത്. അയാളുടെ ആ പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാനാവില്ല. മേയര്‍ പണം നല്‍കാത്ത കാര്യം അയാള്‍ക്ക് പട്ടണവാസികളോട് പറയാമായിരുന്നു. ഒരുപക്ഷേ, അവര്‍ അതിന് പരിഹാരം കണ്ടെത്തിക്കൊടുക്കുമായിരുന്നേനെ.
മേയറുടെയും കുഴലൂത്തുകാരന്റെയും സ്വഭാവമുള്ള നിരവധി വ്യക്തികള്‍ ഇന്നത്തെ സമൂഹത്തിലുണ്ട്. മേയറെപ്പോലെ കാര്യം  കഴിഞ്ഞപ്പോള്‍ വാക്കുപാലിക്കാത്ത നിരവധി വ്യക്തികള്‍ ഈ കാലഘട്ടത്തിലുമുണ്ട്. അത്തരക്കാരുടെ പ്രവൃത്തികള്‍ വലിയ  ആപത്തുകള്‍ സമൂഹത്തിന് വരുത്തിവയ്ക്കും. കുഴലൂത്തുകാരന്റെ  സ്വഭാവമുള്ളവരും നമുക്കിടയില്‍ ധാരാളമുണ്ട്. തനിക്ക് ന്യായമായി ലഭിക്കേണ്ട എന്തെങ്കിലും  കിട്ടാതെ വന്നാല്‍  അതിന്റെ പരിഹാരത്തിനു ശ്രമിക്കാതെ ഉടനടി പ്രവര്‍ത്തിച്ച് മറ്റുള്ളവരെയുംകൂടി ദുഃഖത്തിലാക്കുന്നവരാണിവര്‍. ഇത്തരക്കാരും സമൂഹത്തിനാപത്താണ്.

2. 'ചിത്രശലഭങ്ങള്‍' എന്ന നാടകത്തില്‍ മാലാഖമാര്‍, മുത്തശ്ശി, കാട്, സിംഹം എന്നിവര്‍ എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നു? വിശദമാക്കുക.
സ്വാര്‍ഥതയും അഹങ്കാരവും നീതിബോധമില്ലായ്മയും ഇരുട്ടുനിറച്ച ഒരു ലോകമാണ് ഈ നാടകത്തിലെ കാട് പ്രതിനിധാനം ചെയ്യുന്നത്. കാടിനുള്ളില്‍ ഒറ്റപ്പെട്ടുപോകുന്ന മാലാഖമാര്‍ പ്രലോഭനങ്ങളില്‍പ്പെട്ട് വഴിതെറ്റുന്ന
പുതിയ തലമുറയെ സൂചിപ്പിക്കുന്നു. പുറംമോടിയില്‍ രമിക്കുന്ന അവര്‍ അതിനു പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റി ചിന്തിക്കുന്നില്ല. തന്റെ മക്കളെ ജീവനുതുല്യം സ്‌നേഹിക്കുന്ന പ്രകൃതിയെയാണ് മുത്തശ്ശി പ്രതിനിധാനം ചെയ്യുന്നത്. മക്കളെ രക്ഷിക്കാന്‍ എന്തു ത്യാഗത്തിനും തയാറാവുന്ന അമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍ അവരില്‍ കാണാം. അനുഭവത്തിലൂടെയുള്ള അറിവാണ് ഈ മുത്തശ്ശി. പ്രലോഭനങ്ങള്‍ കാട്ടി പുതിയ തലമുറയെ വഴിതെറ്റിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്ന തിന്മയുടെ മൂര്‍ത്തികളെയാണ് സിംഹം പ്രതിനിധാനം ചെയ്യുന്നത്.

3. 'പരാജയങ്ങളില്‍നിന്നു ശക്തി സംഭരിക്കാനും വിജയിക്കാനുള്ള ത്വര തീവ്രമാക്കിയെടുക്കാനും കഴിഞ്ഞാല്‍ മാത്രമേ ഒരാള്‍ക്ക് ഭാവിയില്‍ മുന്നില്‍ വന്നുപെടുന്ന ഇരുട്ടിനെ മറികടക്കാനും പുതിയലോകം പണിതുയര്‍ത്താനും സാധ്യമാകൂ.' 'പരിശ്രമം ചെയ്യുകിലെന്തിനേയും' എന്ന പാഠഭാഗം നമുക്ക് നല്‍കുന്ന സന്ദേശം ഇതാണ്. എ. പി. ജെ. അബ്ദുല്‍കലാമിന്റെ അനുഭവം മുന്‍നിര്‍ത്തി  വിലയിരുത്തുക.
ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ തനിക്കുണ്ടായ പരാജയത്തിന്റെ കാരണങ്ങളെ കണ്ടെത്തി അവ പരിഹരിച്ച് വിജയത്തിലെത്തിയ അബ്ദുല്‍കലാമിന്റെ അനുഭവമാണ്  പാഠഭാഗത്ത് പരാമര്‍ശിക്കുന്നത്. ഐ. എസ്. ആര്‍. ഒ.യില്‍ ശാസ്ത്രജ്ഞനായി  പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, അന്നത്തെ ചെയര്‍മാനായിരുന്ന സതീശ് ധവാന്‍ എസ്. എല്‍. വി-3 എന്ന പദ്ധതിയുടെ ചുമതല  അബ്ദുല്‍കലാമിനെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന്റെ കഴിവില്‍ ധവാന് അത്ര വിശ്വാസമായിരുന്നു. പക്ഷേ ഏഴുവര്‍ഷത്തെ കഠിനാധ്വാനവും പ്രതീക്ഷകളും കടലില്‍ പതിക്കുകയാണ് ചെയ്തത്. ഈ പരാജയത്തില്‍ അദ്ദേഹം വിഷണ്ണനായിരുന്നില്ല. വിജയവും പോരാട്ടവും ജീവിതത്തിന്റെ പര്യായങ്ങളാണ് എന്ന് അറിയാമായിരുന്ന കലാമിന് ധവാന്റെ
പിന്തുണ കൂടിയായപ്പോള്‍ വീണ്ടും ഒരു ശ്രമത്തിന് ധൈര്യമുണ്ടായി. വസ്തുനിഷ്ഠമായി പരാജയകാരണങ്ങള്‍ കണ്ടെത്തി വിശകലനം ചെയ്ത് ആത്മവിശ്വാസത്തോടെ, ശുഭപ്രതീക്ഷയോടെ നടത്തിയ ഉദ്യമം ഒരു കൊല്ലത്തിനകം വിജയം കണ്ടു.
ജീവിതത്തില്‍ പല പ്രശ്‌നങ്ങളിലൂടെയും വേദനകളിലൂടെയും പരാജയങ്ങളിലൂടെയും നമുക്ക് കടന്നുപോകേണ്ടിവരും. അത് ഒഴിവാക്കാന്‍  പറ്റിയെന്നുവരില്ല. ലോകജീവിതത്തിന്റെ നന്മമാത്രം മുന്നില്‍ക്കാണാനും അതിനായി സ്വന്തം ജീവിതത്തെയും കാഴ്ചപ്പാടിനെയും രൂപപ്പെടുത്തുവാനും നമുക്കാവണം. പ്രതിസന്ധികളെ തരണംചെയ്ത് പ്രസാദാത്മകമായി ജീവിതത്തെ അഭിമുഖീകരിക്കാനും പുതിയ ലോകം സൃഷ്ടിക്കാനും നമുക്ക് കഴിയണമെന്നാണ് കലാം ഈ ലേഖനത്തിലൂടെ പറയുന്നത്.

4. ''ആഗതര്‍ ഞങ്ങളാ, യര്‍ഘ്യങ്ങള്‍ നിങ്ങളാ-
യാതിഥേയങ്ങളായ് പുല്ലും പൂവും'' 
                         (മഞ്ഞുതുള്ളി)
  വരികളുടെ പ്രയോഗഭംഗി കണ്ടെത്തുക.
രാത്രിയിലാണ് മഞ്ഞുതുള്ളികള്‍ എത്തുന്നത്. അവ വിശിഷ്ടരായ അതിഥികളാണ്. രാത്രിയില്‍ ഉറങ്ങിപ്പോയതിനാല്‍ അവയ്ക്ക് ആതിഥ്യം നല്‍കാന്‍ കഴിഞ്ഞില്ലല്ലോയെന്ന് കവി ദുഃഖിക്കുന്നു. എന്നാല്‍ പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നു വരുന്ന കവിയെ അതിഥിയായി സ്വീകരിക്കുകയാണ് പ്രകൃതി. പുല്ലും പൂവുമാണ് ആതിഥേയര്‍. മഞ്ഞുതുള്ളികള്‍ അതിഥിയെ സ്വീകരിക്കാനുള്ള പൂജാദ്രവ്യവും. പ്രകൃതിയിലെ മനോഹരദൃശ്യങ്ങളെ  കവി സ്വാഗതം ചെയ്യാനൊരുങ്ങുമ്പോള്‍, കവിയെ പ്രകൃതി അതിഥിയായി സ്വീകരിക്കുന്നു. ഉറക്കമുണര്‍ന്നുവരുന്നവരുടെ മനസ്സിനെ പുതിയ പ്രതീക്ഷകളിലേക്ക് സ്വാഗതംചെയ്യാനെന്നവണ്ണം  പ്രകൃതി ഒരുങ്ങിയിരിക്കുന്നു എന്നാണ് കവി ഇവിടെ
സൂചിപ്പിക്കുന്നത്.

5. ശ്രീനാരായണഗുരുദേവന്റെ സന്ദേശങ്ങളുടെ കാലികപ്രസക്തി ചര്‍ച്ചചെയ്ത് കുറിപ്പ് തയാറാക്കുക.
ജാതിവിവേചനത്തിനും അനാചാരങ്ങള്‍ക്കും ആര്‍ഭാടത്തിനും എതിരെ പ്രവര്‍ത്തിച്ച സാമൂഹികപരിഷ്‌കര്‍ത്താവാണ് ശ്രീനാരായണഗുരു. എല്ലാ മതങ്ങളും ഒന്നാണെന്നും മനുഷ്യത്വമാണ് പ്രധാനമെന്നും  അദ്ദേഹം പഠിപ്പിച്ചു. അനാവശ്യ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും അന്ധവിശ്വാസങ്ങള്‍ക്കെതിരെ യുക്തിപൂര്‍വം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ക്ക് ഇന്ന് പ്രസക്തി വര്‍ധിച്ചിരിക്കുന്നു. വിദ്യാഭ്യാസപരമായും ബുദ്ധിപരമായും വളരെയേറെ മുന്നേറിയിട്ടും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മുടെ നാട്ടില്‍ ഇന്നും നിലനില്‍ക്കുന്നു. ആഡംബരത്തോടുള്ള താല്‍പ്പര്യം ഓരോ ദിവസം കഴിയുന്തോറും നമുക്ക് വര്‍ധിച്ച് വരികയാണ്. പണമുള്ളവര്‍ ആര്‍ഭാടം കാട്ടുമ്പോള്‍ അതില്ലാത്തവരും അതുപോലെ ചെയ്യാന്‍  നിര്‍ബന്ധിതരാകുന്നു. അല്ലെങ്കില്‍  സമൂഹത്തില്‍നിന്ന് പുറന്തള്ളപ്പെടും എന്ന അവസ്ഥയാണ്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവുകളും വിദ്വേഷവും ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്നു. ഗുരുദേവനെപ്പോലുള്ളവര്‍ക്കു മാത്രമേ ഇത്തരം വിപത്തുകളില്‍നിന്നും നമ്മുടെ സമൂഹത്തെ രക്ഷിക്കാന്‍ കഴിയൂ.

Malayalam  (അടിസ്ഥാനപാഠാവലി)
1. ''വീതിയുള്ള ഈ നടയില്‍  അഞ്ചാള്‍ക്ക് കേറിപ്പോകാന്‍ ഇടമുണ്ട്. പിന്നെന്തിന് ഞാന്‍ വഴിമാറണം? എല്ലാവരും മനുഷ്യരല്ലേ. ഒരേ ചോരയല്ലേ?'' 'ജീവിതത്തിന്റെ ഉപ്പ്' എന്ന കഥയില്‍ ഉപ്പുകൊറ്റന്‍ ചോദിക്കുന്നു. ഒരു പ്രതികരണക്കുറിപ്പ് തയാറാക്കുക. 
സമത്വത്തിന്റെ സന്ദേശമാണ് ഉപ്പുകൊറ്റന്‍ അഗ്നിഹോത്രിയുടെ ഭാര്യാപിതാവിനോടു പറയുന്ന വാക്കുകളിലുള്ളത്. ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും നിറത്തിന്റെയും പേരിലെല്ലാം വിഭാഗീയത വളര്‍ന്നുവരുന്ന കാലമാണിത്. മറ്റുള്ളവരെ അംഗീകരിക്കാനും സ്‌നേഹിക്കാനുമുള്ള മനസ്സുണ്ടായാല്‍ തീര്‍ച്ചയായും ലോകം സമാധാനപൂര്‍ണമാവും.
സ്വാര്‍ഥതയാണ് മനുഷ്യര്‍ പരസ്പരം പുലര്‍ത്തുന്ന വേര്‍തിരിവുകള്‍ക്ക് കാരണം. എല്ലാവര്‍ക്കും ആവശ്യമായത് ഭൂമിയിലുണ്ട്. ആരുടെയും ആര്‍ത്തി തീര്‍ക്കാനുള്ളതില്ല. കുറച്ചുപേര്‍ മറ്റുള്ളവര്‍ക്കുള്ളതുകൂടി  കൈക്കലാക്കുന്നു. ജാതി, മതം, സമുദായം, സംഘടന, വര്‍ഗം, നിറം എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത തരത്തില്‍ മനുഷ്യരെ വിഘടിപ്പിച്ചുകൊണ്ട് ചൂഷണത്തിനുള്ള വഴിയൊരുക്കുകയാണ് ഇക്കൂട്ടര്‍. പരസ്പരം അവിശ്വാസം വളര്‍ത്തി സമൂഹത്തില്‍ കലാപങ്ങളും അക്രമങ്ങളും വളര്‍ത്തിയെടുക്കുകയാണ് അവരുടെ ലക്ഷ്യം. യുദ്ധങ്ങള്‍പോലും ഇത്തരം വേര്‍തിരിവിന്റെയും ചൂഷണത്തിന്റെയും സൃഷ്ടിയാണ്. ഇന്നു നാം അനുഭവിക്കുന്ന ദുരിതങ്ങളുടെ പ്രധാന കാരണവും മറ്റൊന്നല്ല. മാനവരാശിയുടെ വിനാശമാണ് ഇതിന്റെ അനന്തരഫലം.
ഓരോ വ്യക്തിയും ജീവിതത്തില്‍ പാലിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമായ അടിസ്ഥാനപ്രമാണമാണ് സമത്വം. മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുകള്‍ പാടില്ല. സ്‌നേഹത്തോടെ ഒരുമിച്ചു നിന്നാല്‍ തീര്‍ച്ചയായും  ഈ ലോകം സ്വര്‍ഗമായിത്തീരും. മഹത്തായ ആ ലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപലകയാണ് ഉപ്പുകൊറ്റന്റെ  വാക്കുകള്‍.

2. 'ഉപ്പുകൊറ്റന്‍' എന്ന കഥാപാത്രത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്? 
ഉപ്പുവിറ്റു ജീവിക്കുന്നു. 
എത്തിയേടത്ത് കിടന്നുറങ്ങുന്നു.
നിലയ്ക്കാത്ത യാത്ര.
കിട്ടുന്ന ഭക്ഷണം കഴിക്കുന്നു. 
അപാരമായ കഴിവിന്റെ ഉടമ.
ഈ ആശയങ്ങളും സ്വന്തം അഭിപ്രായങ്ങളും ഉള്‍പ്പെടുത്തി കഥാപാത്രനിരൂപണം തയാറാക്കുക.
പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമാണ് ഉപ്പുകൊറ്റന്‍. കൊറ്റിന് ഉപ്പുവില്‍ക്കുന്നവനായതുകൊണ്ട് അയാളെ ഉപ്പുകൊറ്റനെന്ന് എല്ലാവരും വിളിക്കുന്നു. അല്ലാതെ അയാള്‍ക്ക് സ്വന്തമായി ഒരു പേരുപോലുമില്ല. അലസമായ  ഭാവവും നീട്ടിവളര്‍ത്തിയ താടിയും മുടിയും മുഷിഞ്ഞ വസ്ത്രവും തോളില്‍ സഞ്ചിയുമായാണ് അയാള്‍ നടക്കുന്നത്.  മലകളും പുഴകളും കാടുകളും താണ്ടി എപ്പോഴും അയാള്‍ യാത്രചെയ്തുകൊണ്ടിരിക്കുന്നു. കിട്ടുന്ന ഭക്ഷണവും കഴിച്ച് എവിടെയെങ്കിലും കിടന്നുറങ്ങുന്നു. നാറാണത്തിന്റെ ചിരിയും
പാക്കനാരുടെ ശബ്ദവുമാണ് അയാള്‍ക്കെന്ന് അഗ്നിഹോത്രി പറയുന്നുണ്ട്.
ആരെയും കൂസാത്ത പെരുമാറ്റമാണ് അയാളുടേത്. അഗ്നിഹോത്രിയുടെ ഭാര്യാപിതാവ് മഞ്ചലില്‍വന്നിറങ്ങിയപ്പോള്‍ അയാള്‍ എഴുന്നേല്‍ക്കാനോ ആചാരം പറയാനോ തയാറായില്ല. അയാള്‍ ശകാരിച്ചപ്പോള്‍ 'അഞ്ചാള്‍ക്ക് കയറിപ്പോകാന്‍ ഇടമുള്ള ഈ നടയില്‍നിന്ന് ഞാനെന്തിന് വഴിമാറണം? എല്ലാവരും മനുഷ്യരല്ലേ. ഒരേ ചോരയല്ലേ?' എന്നായിരുന്നു  ഉപ്പുകൊറ്റന്റെ മറുപടി. എല്ലാവരെയും തുല്യരായി കാണുന്ന, അനീതിയോട് ധൈര്യപൂര്‍വം പ്രതികരിക്കുന്ന ഒരു മനസ്സിനുടമയായിരുന്നു ഉപ്പുകൊറ്റനെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം.
കുട്ടികളോട് വളരെയധികം സ്‌നേഹം പുലര്‍ത്തിയിരുന്ന അദ്ദേഹം അമാനുഷികമായ കഴിവുകളുള്ള ആളായിരുന്നു. അഗ്നിഹോത്രിയെ കണ്ടപ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ മഹത്ത്വം മനസ്സിലാക്കാന്‍ ഉപ്പുകൊറ്റനു കഴിഞ്ഞു. അഗ്നിഹോത്രിയുടെ ഭൃത്യന്മാര്‍ വിചാരിച്ചിട്ടും അയാളെ എഴുന്നേല്‍പ്പിക്കാനോ അയാളുടെ ഉപ്പുചാക്ക്
പൊക്കാനോ കഴിഞ്ഞില്ല. കുട്ടികളോടൊത്ത് കഥപറഞ്ഞ് ആടിപ്പാടി നടന്ന അയാള്‍ കുട്ടികള്‍ക്ക് വിശന്നപ്പോള്‍ ഉപ്പുവാരി മുകളിലേക്കെറിഞ്ഞു. അപ്പോള്‍ അത് അപ്പങ്ങളായി മാറി. പുഴപോലെ ഒഴുകുന്ന തന്റെ ജീവിതത്തെക്കുറിച്ച് ഉപ്പുകൊറ്റന്‍ ഇടയ്‌ക്കോര്‍ക്കുന്നുണ്ട്. അമ്മയുടെ സ്‌നേഹം ലഭിക്കാത്തതിലുള്ള ദുഃഖം അയാള്‍ക്കുണ്ട്. എങ്കിലും എല്ലാറ്റിലും സന്തോഷം കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു.

3. കേരളത്തിന്റെ ഗ്രാമീണതയുടെ ചിത്രമാണ് പുഞ്ച കൊയ്‌തേ, കളം നിറഞ്ഞേ എന്ന നാടന്‍പാട്ടില്‍ തെളിയുന്നത്. ഇന്ന്  ഇവയൊക്കെ നമുക്ക് നഷ്ടപ്പെട്ട് പോകുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം കുറിപ്പായി എഴുതുക. 
സമ്പന്നമായ ഒരു കാര്‍ഷികസംസ്‌കാരം നമുക്കുണ്ട്. കണ്ണെത്താദൂരത്തോളം നിരന്നുകിടക്കുന്ന നെല്‍വയലുകള്‍. വിതയും കളപറിക്കലും കൊയ്ത്തുമെല്ലാം ആഘോഷമാക്കി മാറ്റുന്ന കൃഷിക്കാര്‍. കൊയ്യാന്‍ തയാറായി നിരന്നു
നില്‍ക്കുന്ന സ്ത്രീകള്‍. നെന്മണികള്‍കൊണ്ട് കളം നിറയുമ്പോള്‍ കര്‍ഷകമനസ്സും നിറയുന്നു.
കാര്‍ഷികസമൃദ്ധിയാല്‍ സമ്പന്നമാണ് നമ്മുടെ നാട്. പുഴയോരത്ത് വള്ളം കാത്ത് നില്‍ക്കുന്ന  ഗ്രാമീണര്‍. നെല്‍ക്കതിരുകള്‍ കൊത്താന്‍ പാടത്തേക്ക് പറന്നിറങ്ങുന്ന കിളികള്‍. ഈ കാഴ്ചകളെല്ലാം നമുക്കിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നു. നെല്‍ക്കൃഷിയേക്കാള്‍  ലാഭമുള്ള കൃഷികളും വ്യവസായങ്ങളുമാണ് നാമിന്ന് ലക്ഷ്യം വയ്ക്കുന്നത്.  നെല്‍പ്പാടങ്ങളില്‍ കൃഷിപ്പാട്ടുകള്‍ക്കു പകരം ഉയരുന്നത് യന്ത്രങ്ങളുടെ ചെകിടടപ്പിക്കുന്ന മുരള്‍ച്ചയാണ്. അവശേഷിക്കുന്ന പച്ചപ്പുകള്‍ക്കു മുകളില്‍ വാര്‍ക്കപ്പുരകള്‍ വാനോളം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അന്യോന്യമറിയാത്ത മനുഷ്യരും നിത്യേന ഇല്ലാതായിക്കൊണ്ടിരിക്കുന്ന പ്രകൃതിയും. ഇതാണിന്ന് നമ്മുടെ നാടിന്റെ ദുഃഖം.

4. ''ഓണം കൈക്കൊള്ളാന്‍ വരുന്നവരെ വെറുംകൈയോടെ അയയ്ക്കുമായിരുന്നില്ല.''
''കൂട്ടത്തില്‍ത്തന്നെ കടമായും നെല്ലു കൊടുക്കും.''  (ഓണം അന്നും ഇന്നും)
'എല്ലാവര്‍ക്കും ഓണം' എന്ന കാഴ്ചപ്പാടുമായി ബന്ധപ്പെടുത്തി ഈ പ്രസ്താവനകള്‍ വിശകലനം ചെയ്യുക.
പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും ആഘോഷമായിരുന്നു ഓണം. എല്ലാ മനുഷ്യരും ഒന്നുപോലെ സംതൃപ്തരായി കഴിഞ്ഞിരുന്ന ഒരു നല്ലകാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. അതുകൊണ്ടണ്ടു തന്നെ അന്നേദിവസം ആരും ദുഃഖവും ദാരിദ്ര്യവും അനുഭവിക്കാന്‍ പാടില്ലെന്നും ആളുകള്‍ വിശ്വസിച്ചിരുന്നു.
സമൂഹത്തില്‍ ഒരുവിഭാഗം ആളുകള്‍ സമൃദ്ധി ആഘോഷിക്കുമ്പോള്‍ മറ്റൊരു വിഭാഗം ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ചിരുന്നു. സ്വന്തമായി കൃഷിയിടമോ സ്വത്തോ ഇല്ലാത്ത പാവങ്ങളായിരുന്നു ഓണം കൈക്കൊള്ളാന്‍ ജന്മിമാരുടെ മുന്നില്‍ വന്നിരുന്നത്. അവരെ നിരാശരാക്കി അയയ്ക്കുമായിരുന്നില്ല. നെല്ലും തേങ്ങയുമൊക്കെ അവര്‍ക്കുകൊടുക്കും. ഓണത്തിനുവേണ്ടണ്ടി  നെല്ലളക്കുമ്പോള്‍ കുടുംബത്തിലേക്കു മാത്രമല്ല, പണിക്കാര്‍ക്കും നെല്ല് കൊടുത്തിരുന്നു. കൂട്ടത്തില്‍ കടമായും നെല്ലു കൊടുക്കും. ഓണത്തിന് ആരും പട്ടിണികിടക്കാന്‍ പാടില്ല എന്ന കാഴ്ചപ്പാടാണ് ഇതിനുപിന്നില്‍ ഉണ്ടണ്ടായിരുന്നത്. ധാര്‍ഷ്ട്യവും സ്വാര്‍ഥതയും ഉള്ള ജന്മിമാരാണെങ്കില്‍പ്പോലും ഓണത്തിന് പാവങ്ങളോട് ഉദാരത കാട്ടിയിരുന്നു.

5. പുതിയ കാലത്ത് ഓണാഘോഷത്തിന് എന്തെല്ലാം മാറ്റങ്ങള്‍ വന്നു എന്നാണ് തകഴി സൂചിപ്പിക്കുന്നത്?
ഓണം ഇന്ന് ഒഴിവുകാലം ആഘോഷിക്കല്‍ മാത്രമായിരിക്കുന്നു. ഉപ്പേരിയും ശര്‍ക്കരപുരട്ടിയും എന്നും കടയില്‍ വാങ്ങാന്‍ കിട്ടുന്നതിനാല്‍ ഇന്നതൊരു വിശേഷവിഭവമല്ല. അതിന്റെ സ്വാദും നഷ്ടപ്പെട്ടിരിക്കുന്നു. ഭക്ഷണപദാര്‍ത്ഥങ്ങളെല്ലാം ഇക്കാലത്ത് എന്നും സുലഭമാണ്. അതിനാല്‍ ഓണസ്സദ്യയുടെ പ്രത്യേകത മനസ്സിലാക്കാന്‍ ഇന്നുള്ളവര്‍ക്ക് കഴിയില്ല. ഓണം ഉണ്ണുന്നത് എന്നും ഉണ്ണുന്നതുപോലെ തന്നെയാണ്. തിരുവാതിരകളി വലിയ ആഡിറ്റോറിയത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായിരിക്കുന്നു. അതിന്റെ തനിമ നഷ്ടപ്പെട്ടു.

English
1. ‘We can shoot the bats, the foxes and the polecats with a gun!’ Do you think what the Basheer’s wife says is right? If so, justify your answer. 
What the author’s wife is saying is not right. It will be cruelty to animals. We do it out of our selfishness. All the creatures on the earth have equal rights on earth as we have. So we should let them take their share of the things on the earth.

2. Imagine that your School Nature Club is organizing an awareness programme to protect nature. Prepare a speech for the occasion.
Good morning to all.
Respected teachers and dear friends,
‘A thing of beauty is a joy forever’. It is a line from one of the famous poems of a very popular romantic poet, John Keats. The beautiful nature fills our mind with happiness and it has a magical power to make us peaceful. 
Now humans are overusing the resources in nature. Nature is losing its  balance. We are in a hurry to make huge buildings and towers on earth which will soon become a burden for the earth. We forget the fact that our selfish deeds will end up in our own destruction.
All the creatures on the earth have equal right to live on the earth as we have. We have also the responsibility to preserve this beautiful nature for the coming generations also. God created it for them too. So let’s take a decision to protect nature and save the earth. We should keep this in mind and do accordingly when we celebrate June 5 as World Environment Day. So, let’s live and let others also live.
Thank you. 

3. How did the king in the story, ‘The Grain as Big as a Hen’s Egg’, become aware of the merit of labour, at the end of the  story?
The great grandfather said that in his time people lived by their own labour. They did not wish to get what others produced. The king noticed that the great grandfather was healthier than his son and grandson. The king understood that it was the fruit of labour.

4. What did Carla make the merchant say in order to trick him?
The merchant showed Carla three copper coins placing them in his hand. The merchant had three rings on his fingers. So Carla asked him if he offered everything in his hand. The foolish merchant agreed, not thinking about the rings.

5. Imagine and write the possible conversation between the king and the great grandfather.
King : Dear grandfather, can you tell me   where this corn was grown?
Gr. Grandfather: This kind of corn was grown everywhere in my time. It was such a grain that we used to sow, reap and thresh.
King : Where was your field? Where did you grow corn like this?
Gr.Grandfather: I didn’t have any particular field of my own. The place where I ploughed was my field. Labour was the only thing we called our own.
King : Tell me grandfather, did you buy it anywhere, or did you grow it all by yourself?
Gr. Grandfather: In our time, we did not buy or sell anything. We considered it as sin. Each man had enough corn of his own. And we shared among us.
King Then why doesn’t the earth bear such grain now? Why don’t we get as much grain as you got in your time?
Gr. Grandfather:  In our time, we loved nature, obeyed the rules of nature. We never quarrelled for land. Harvest was a festival then. Nature loved us because we loved nature. So nature gave us plenty of yield. Nowadays people do not love nature.
King :  Dear grandfather, what should we do now to make the earth as good as it was in your time?
Gr. Grandfather:  You should work hard. You should not be selfish. Don’t depend on others for your needs. Above all, love nature, love Mother Earth and she will reward you.

Basic Science
1. ചലനം അപേക്ഷികം ആണെന്നു പറയാന്‍ കാരണം എന്ത്?
ഉത്തരം: ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന് പുറത്തുള്ള സ്ഥിരബിന്ദുവിനെ അടിസ്ഥാനമാക്കി മാത്രമേ ഒരു വസ്തു ചലിക്കുകയാണോ അല്ലയോ എന്നു പറയാന്‍ കഴിയൂ. നിങ്ങള്‍ കാറില്‍ സഞ്ചരിക്കുന്നു എന്നു കരുതൂ. നിങ്ങളും കാറും ഒരേ സമയം ഒരേ വേഗതയില്‍ ചലിക്കുന്നു. അതിനാല്‍ കാറിനെ സംബന്ധിച്ച് നിങ്ങള്‍ നിശ്ചലാവസ്ഥയില്‍ ആണ്. റോഡരികില്‍ നില്‍ക്കുന്ന ഒരാളെ സംബന്ധിച്ച് കാറും നിങ്ങളും ചലിക്കുകയാണ്. അതിനാല്‍ ചലനം ഒരു ആപേക്ഷിക വസ്തുതയാണെന്ന് കരുതാം.

2. ആഹാരവസ്തുക്കള്‍ കഴിച്ചുതുടങ്ങാത്ത പിഞ്ചു കുഞ്ഞുങ്ങളെ അല്‍പസമയം ഇളം വെയില്‍ കൊള്ളിക്കാറുണ്ടണ്ട്. എന്തിനാണിത്?
ഉത്തരം: സൂര്യപ്രകാശം ഏല്‍ക്കുന്നതുമൂലം ശരീരത്തില്‍ നിര്‍മിക്കപ്പെടുന്ന വിറ്റമിനാണ് വിറ്റമിന്‍ D. ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിനും, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിനും സഹായിക്കുന്നു. കുഞ്ഞുങ്ങളുടെ എല്ലുകള്‍ ബലപ്പെടുന്നതിനും പല്ലുകള്‍ വേഗം പുറത്തുവരുന്നതിനും സൂര്യപ്രകാശം ഏല്‍ക്കുന്നത് സഹായിക്കും.

3. ഉല്‍പാദകര്‍ എന്നാലെന്ത്? ഉദാഹരണം എഴുതുക? അവയെ അങ്ങനെ വിളിക്കുവാനുള്ള കാരണമെന്ത്?
ഉത്തരം: പ്രകാശസംശ്ലേഷണത്തിലൂടെ സ്വയം ആഹാരം ഉല്‍പാദിപ്പിക്കുന്ന ജീവികളെ ഉല്‍പാദകര്‍ എന്നു വിളിക്കുന്നു. ഇവ ആഹാരത്തിനു വേണ്ടി മറ്റു ജീവികളെ ആശ്രയിക്കുന്നില്ല. സസ്യങ്ങളാണ് പ്രകൃതിയിലെ ഉല്‍പാദകര്‍.
സസ്യങ്ങള്‍ സ്വയം ആഹാരം നിര്‍മ്മിക്കുന്നു. അതിനാല്‍ അവ ഉല്‍പാദകര്‍ എന്നറിയപ്പെടുന്നു. എല്ലാജീവികളും നേരിട്ടോ അല്ലാതെയോ ആഹാരത്തിനായി ഉല്‍പാദകരെ/സസ്യങ്ങളെ ആശ്രയിക്കുന്നു.

4.  ലൗഡ്‌സ്പീക്കറിലെ കാന്തം വലുതും ഹെഡ്‌ഫോണിലെ കാന്തം ചെറുതും ആകാനുള്ള കാരണം എന്ത്?
ഉത്തരം:
▲ വലിയ ഉച്ചസ്ഥായിയിലുള്ള ശബ്ദം ഉണ്ടാക്കുവാന്‍
      സ്പീക്കറും കാന്തവും വലുതായിരിക്കണം.
▲ ഹെഡ്‌ഫോണില്‍ ഉച്ചത കുറഞ്ഞ ശബ്ദമാണ് ആവശ്യം.
      അതിനാല്‍ ചെറിയ സ്പീക്കറും കാന്തവും ഉപയോഗിക്കുന്നു.

5. ഭക്ഷണത്തില്‍ കൊഴുപ്പു കലര്‍ന്നവ ഉള്‍പ്പെടുത്തേണ്ടണ്ടതിന്റെ ആവശ്യകത എന്ത്?
ഉത്തരം:  ഊര്‍ജം പ്രദാനം ചെയ്യുന്ന പോഷകഘടകമാണ് കൊഴുപ്പ്. ധാന്യകത്തിലും മാംസ്യത്തിലും അടങ്ങിയിരിക്കുന്നതിന്റെ ഇരട്ടിയോളം ഊര്‍ജം കൊഴുപ്പിലടങ്ങിയിരിക്കുന്നു.  ചില വിറ്റമിനുകള്‍ (ജീവകങ്ങള്‍) കൊഴുപ്പില്‍ മാത്രമേ ലയിക്കുകയുള്ളൂ. ഈ വിറ്റമിനുകള്‍ ലഭിക്കണമെങ്കില്‍ ഭക്ഷണത്തില്‍ കൊഴുപ്പ് ഉള്‍പ്പെടുത്തേണ്ടണ്ടതാണ്.


No comments:

Post a Comment

5th Issue

Students India

Students India

6th Issue