കേരളത്തില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കാണപ്പെടുന്ന പക്ഷിയാണ് മീന്‍കൊത്തിച്ചാത്തന്‍. ഇത് മറ്റ് പൊന്‍മാനുകളി ല്‍ നിന്നും വ്യത്യസ്തരാണ്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത ജലാശയങ്ങളെ മാത്രം ആശ്രയിച്ചല്ല ഇവ ജീവിക്കുന്നതെന്നാണ്.
കരയിലെ കീടങ്ങളെയും തേടിപ്പിടിച്ച് ഇവ ഭക്ഷിക്കാറുണ്ട്. മൈനയോളം വലിപ്പമുള്ള മീന്‍കൊത്തിച്ചാത്തന് നിറം തിളക്കമുള്ള ആകാശനീലയാണ്. കഴുത്ത്, തല, അടിഭാഗം എന്നിവയ്ക്ക് കടുത്ത തവിട്ട് നിറവും നെഞ്ചിന്റെ ഭാഗം തൂവെള്ളനിറവും പ്രകടമാണ്. നീണ്ടുതടിച്ച് കൂര്‍ത്ത കടും ചുവപ്പ് നിറത്തിലുള്ള കൊക്കും ഇവയുടെ പ്രത്യേകതകളാണ്. പറക്കുമ്പോള്‍ കറുത്ത ചിറകുകളില്‍ കൃത്യമായ വെള്ളനിറവും കാണാം. പല്ലി, പഴുതാര, വിട്ടില്‍, വണ്ടുകള്‍, മീന്‍, വാല്‍മാക്രി എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. ജലാശയങ്ങളുടെ ഓരത്ത് ഇരതേടിയിരുന്ന് ജലനിരപ്പിന് മുകളിലെത്തുന്ന മീനുകളെ റാഞ്ചിയെടുക്കാന്‍ ഇവ മിടുക്കരാണ്. കരയിലായിരുന്നാലും വെള്ളത്തിലായിരുന്നാലും ഇരകളുടെ നേരിയ ചലനം പോലും ഇവ ശ്രദ്ധിക്കും. പതിയിരുന്ന് ഇരതേടുന്നത് മീന്‍കൊത്തിച്ചാത്തന്മാരുടെ ശീലമാണ്. ചവറുകള്‍ക്കിടയിലൂടെ ഇഴഞ്ഞുനീങ്ങുന്ന അരണക്കുഞ്ഞുങ്ങളെ അണുവിട തെറ്റാതെ റാഞ്ചിയെടുക്കുന്നത് കാണേണ്ട കാഴ്ചയാണ്. ഇര തേടിയിരിക്കുമ്പോള്‍ അസ്വാഭാവി കമായി എന്തെങ്കിലുമുണ്ടായാല്‍ ഉച്ചത്തില്‍ ചിലച്ചുകൊണ്ട് അസ്വസ്ഥത പ്രകടിപ്പിക്കാറുമുണ്ട്. സാധാരണ പൊന്‍മാനുകളെ പോലെ തോട്, കനാല്‍, കുഴികള്‍ എന്നിവിടങ്ങളില്‍ ഈര്‍പ്പമുള്ള മണ്ണ് തുരന്നാണ് കൂടുകള്‍ നിര്‍മിക്കാറുള്ളത്. ഇണപ്പക്ഷികള്‍ ഒരുമിച്ചാണ് കൂടൊരുക്കുന്നത്. മൂന്ന് മുതല്‍ അഞ്ചുവരെ മുട്ടകളാണ് സാധാരണ കാണപ്പെടുന്നത്.ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് വരെയാണ് പ്രജനനകാലം.
No comments:
Post a Comment